തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരത്ത് കൊല്ലപ്പെട്ട ശാഖയെ പ്രായം മറന്ന് വിവാഹം കഴിക്കാന്‍ പ്രേരിപ്പിച്ചത് സ്വത്തു മോഹിച്ചെന്ന് അരുണ്‍ പോലീസിനോട് മൊഴിനല്‍കി.

വിവാഹത്തിന്റെ കാര്യം അടുത്ത ചില സുഹൃത്തുക്കള്‍ക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. താന്‍ വിവാഹിതനാണെന്ന കാര്യം വീട്ടുകാര്‍ക്ക് അറിയില്ലെന്നും അരുണ്‍ പോലീസിനോട് വെളിപ്പെടുത്തി. പ്രായത്തില്‍ കൂടിയ സ്ത്രീയുമായുള്ള വിവാഹത്തിന്റെ കാര്യം പറഞ്ഞ് കൂട്ടുകാര്‍ പലപ്പോഴും കളിയാക്കിയിരുന്നതും തന്നില്‍നിന്ന് ഒരു കുഞ്ഞു വേണമെന്ന ശാഖയുടെ ആവശ്യവും അസ്വസ്ഥനാക്കിയിരുന്നു.

അതേസമയം കൊലപാതകം നടത്തിയോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. ഇത് വരും മണിക്കൂറുകളില്‍ നിന്നുള്ള ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമാകുമെന്നും പൊലീസ് പറഞ്ഞു.

ബ്യൂട്ടീഷനും എല്‍ഐസി ഏജന്റുമായ ശാഖ പരിചയപ്പെട്ട നാള്‍ മുതല്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ അടുത്തിടെ ശാഖ വിവാഹ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചത് അരുണിനെ കൂടുതല്‍ അസ്വസ്ഥനാക്കി. ഇതുസംബന്ധിച്ച് വഴക്കുകള്‍ പതിവായിരുന്നു.

ശനിയാഴ്ച രാവിലെയാണ് വീട്ടിനുള്ളിലെ ഹാളില്‍ അബോധാവസ്ഥയില്‍ ശാഖയെ കണ്ടെത്തിയത്. കാരക്കോണം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് 26 കാരനായ അരുണും 51കാരിയായ ശാഖയും തമ്മില്‍ വിവാഹം കഴിക്കുന്നത്. മതാചാര പ്രകാരമായിരുന്നു വിവാഹം. വിവാഹദിവസം അരുണിന്റെ കൂടെ ആകെ അഞ്ച് പേര്‍ മാത്രമാണുണ്ടായിരുന്നത്. വീട്ടുകാരോ ബന്ധുക്കളോ ഉണ്ടായിരുന്നില്ല. മതാചാരപ്രകാരം നടന്ന ചടങ്ങില്‍ ബന്ധുക്കളാരും ഇല്ലാതിരുന്നത് സംശയമുണര്‍ത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.