ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായ സര്‍വ്വേക്കെതിരെ ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ. മോദി നടത്തിയ അഭിപ്രായ സര്‍വ്വെ കെട്ടിച്ചമച്ചതാണെന്ന് ബീഹാറില്‍ നിന്നുള്ള എംപി പറഞ്ഞു. ട്വിറ്ററിലൂടെയാണ് സിന്‍ഹയുടെ പ്രതികരണം. നോട്ടുനിരോധനത്തില്‍ ജനപിന്തുണയറിയാനാണ് മോദി സര്‍വ്വേ നടത്തിയത്.

നിക്ഷിപ്ത താത്പര്യങ്ങള്‍ക്കനുസരിച്ച് കെട്ടിച്ചമച്ച കഥകളും സര്‍വ്വെകളുമുള്ള വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ തുടരുന്നത് നമുക്കവസാനിപ്പിക്കാമെന്നാണ് സിന്‍ഹ പറയുന്നത്. വോട്ടു ചെയ്തവരുടെയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സാധാരണക്കാരുടെയും വേദന മനസിലാക്കണമെന്നും സിന്‍ഹ പറഞ്ഞു. അമ്മമാരും സഹോദരിമാരും അത്യാവശ്യഘട്ടങ്ങളിലേക്ക് സൂക്ഷിച്ച് വെച്ച സമ്പാദ്യത്തെ കള്ളപ്പണമായി കാണാനാകില്ലെന്നും സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു.

മോദിയുടെ അഭിപ്രായസര്‍വ്വേക്കെതിരെ വിവിധ മേഖലകളില്‍ നിന്നും രൂക്ഷവിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ബിജെപി തന്നെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണില്ലാത്ത സാധാരണക്കാരായ കര്‍ഷകരും ഭൂരിപക്ഷം ജനങ്ങളും പങ്കെടുക്കാത്ത സര്‍വ്വേ ശുദ്ധതട്ടിപ്പാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി എംപി തന്നെ സര്‍വ്വേക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്.