മുംബൈ: ഷീന ബോറ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥന്റെ ഭാര്യ ദീപാലി ഗനോറയെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ മുഖ്യപ്രതിയെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

ദീപാലി ഗാനോറിന്റെ മൃതദേഹം കിടന്നതിന് സമീപത്ത് കൊലപാതകി ചോര കൊണ്ട് സ്‌മൈലി വരച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. ‘മടുത്തുവെന്നും തന്നെ പിടികൂടി തൂക്കിലേറ്റൂ’ എന്ന് രക്തം കൊണ്ട് എഴുതിയിരുന്നെന്നും അന്വേഷണ സംഘം മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ദീപാലി ഗാനോറിന്റെ കാണാതായ 21കാരന്‍ മകന്‍ സിദ്ധാന്ത് ആണ് എഴുത്തിനും കൊലക്കും പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ രണ്ടു മാസമായി ഇയാള്‍ കൂട്ടുകാരില്‍ നിന്നും സമൂഹമാധ്യമങ്ങളില്‍ നിന്നും അകന്ന് കഴിയുകയായിരുന്നു.
ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് ദീപാലി ഗനോറെയെ കഴുത്തിന് കുത്തേറ്റ നിലയില്‍ ഭര്‍ത്താവ് ഗ്യാനേശ്വര്‍ കാണുന്നത്.

ഖാര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഗ്യാനേശ്വര്‍ വീടിന്റെ കതകില്‍ മുട്ടിയെങ്കിലും ആരും വാതില്‍ തുറന്നില്ല. വീട്ടുകാര്‍ കടയില്‍ പോയതായിരിക്കാമെന്നാണ് ഗ്യാനേശ്വര്‍ വിചാരിച്ചത്. പിന്നീട് രാത്രി ഒരു മണിയോടെ വീടിനു പുറത്തെ ചവറ്റു കൊട്ടയില്‍ നിന്ന് താക്കോല്‍ കണ്ടെത്തിയ ഇദ്ദേഹം അകത്ത് ചെന്നപ്പോഴാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന ദീപാലിയെ കാണുന്നതെന്നാണ് ഗ്യാനേശ്വര്‍ പൊലീസിന് നല്‍കിയ മൊഴി.