ന്യൂഡല്‍ഹി: അഴിമതി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ശിവസേന വീണ്ടും രംഗത്ത്. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലിക്ക് ആരാണ് ഫണ്ട് നല്‍കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് ശിവസേന ആവശ്യപ്പെട്ടു.

പണത്തിന്റെ പവറാണ് ബി.ജെ.പി റാലിയില്‍ കാണുന്നത്. ഈ പണം എവിടെ നിന്ന് വന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. ശിവസേന എം.പി അരവിന്ദ് സാവന്ദാണ് അഴിമതി തടയല്‍ നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ എന്‍.ഡി.എക്കെതിരെ ആഞ്ഞടിച്ചത്.

ഒരു എം.പിയെ പോലെ മോദി തെരഞ്ഞെടുപ്പ് നേരിടണമെന്നും അപ്പോള്‍ അറിയാം ആര് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി കേസുകളില്‍ ഉള്‍പ്പെട്ട മറ്റു പാ്ര്‍ട്ടിയിലെ നേതാക്കളെ ബി.ജെ.പിയിലേക്ക് ക്ഷണിക്കുന്നതിനെയും സാവന്ത് വിമര്‍ശിച്ചു. റിലയന്‍സ് ജിയോയില്‍ മോദിയുടെ ഫോട്ടോ ഉപയോഗിച്ച വിഷയത്തിലും ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന് ശ്രേഷ്ഠ പദവി നല്‍കിയതിനെയും സാവന്ത് രൂക്ഷമായി വിമര്‍ശിച്ചു.