കോഴിക്കോട്: വളയിട്ട കൈകളെക്കൊണ്ട് ആയുധമെടുപ്പിക്കരുതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. കണ്ണൂരിലെ ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ശോഭാസുരേന്ദ്രന്റെ പ്രതികരണം. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ കോഴിക്കോട് കമ്മിഷണര്‍ ഓഫീസിലേക്കു മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങള്‍ സി.പി.ഐ.എം നേതാക്കളും കൊടിയേരി ബാലകൃഷ്ണനും വിചാരിച്ചാല്‍ അവസാനിക്കുന്നതാണെന്ന് ശോഭാസുരേന്ദ്രന്‍ പറഞ്ഞു. നേതാക്കളുമായി ദ്വന്ദ്വയുദ്ധത്തിന് തയ്യാറാണെങ്കില്‍ ആണായി വന്ന് പോരിന് സ്ഥലവും തിയ്യതിയും കുറിക്കാന്‍ കൊടിയേരി തയ്യാറാവണമെന്ന് ശോഭാസുരേന്ദ്രന്‍ കൊടിയേരിയെ വെല്ലുവിളിച്ചു. ക്രമസമാധാന പാലനത്തിന് ഉത്തരവാദിത്തമുള്ള പിണറായി വിജയന്‍ ധര്‍മ്മടത്ത് നടന്ന കൊലപാതകത്തിന്റെ ഉത്തരവാദിത്തമേല്‍ക്കണം. കൊടിയേരിയുടെ വീട്ടുപടിക്കലും പിണറായി പഞ്ചായത്തിലും കാവിക്കൊടി കുത്തും. രാഷ്ട്രീയഅക്രമങ്ങളെ തടഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രിയെ ഭോപ്പാലില്‍ തടഞ്ഞപോലെ കേരളത്തിലും വ്യാപകമായി തടയുമെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു.

കണ്ണൂരില്‍ കലോത്സവത്തിനിടയില്‍ നടന്ന സന്തോഷിന്റെ കൊലപാതകത്തിന് സി.പി.എമ്മിന് പങ്കില്ലെന്ന് പാര്‍ട്ടി നേതൃത്വം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ കേസില്‍ പിടിയിലായത് ആറ് സി.പി.എം പ്രവര്‍ത്തകരാണ്.