Connect with us

india

ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; ഉടന്‍ നടപടി സ്വീകരിക്കണം: പി.എം.എ സലാം

മതിയായ നഷ്ടപരിഹാരം നല്‍കണം

Published

on

പുവ്വാട്ടുപറമ്പില്‍ റിജാസ് എന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബിയുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണുണ്ടായതെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആരോപിച്ചു. റിജാസിന്‍റെ കുടുംബത്തിന് ഇപ്പോള്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം ധനസഹായം അപര്യാപ്തമാണ്. റിജാസിന്‍റെ പ്രായവും ബോര്‍ഡിന് സംഭവിച്ച വീഴ്ചയുടെ ഗൗരവവും പരിഗണിച്ച് പരമാവധി തുക നഷ്ടപരിഹാരം അനുവദിക്കണം. റിജാസിൻ്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർവീസ് ലൈനിലെ ചോർച്ച സംബന്ധിച്ച് പരാതി നൽകിയിട്ടും നേരിൽ സന്ദർശിച്ച് ബോധ്യപ്പെട്ടിട്ടും കെ എസ് ഇ ബി അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാതിരുന്നതാണ് ദുരന്തത്തിന് കാരണം. വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ ഇതേവരെ നടപടി സ്വീകരിക്കാത്തത് ആശ്ചര്യമുളവാക്കുന്നതാണ്. ജീവനക്കാരുടെ കുറവ് മൂലം പലയിടത്തും കെഎസ്ഇബിയുടെ പ്രവർത്തനം താളം തെറ്റിയ നിലയിലാണ്. ഒഴിവുകൾ നികത്തുന്നതിന് യാതൊരു നടപടിയും സർക്കാരിൽ നിന്നും ഉണ്ടാവുന്നില്ല. എല്ലാ വകുപ്പുകളിൽ നിന്നും വരുമാനമുണ്ടാക്കുക എന്നതല്ലാതെ സേവനം കാര്യക്ഷമമാക്കുക എന്നത് സർക്കാർ അജണ്ടയിലില്ല.

അവശ്യ സേവന മേഖല എന്ന നിലയിൽ ബോർഡിനെ കാര്യക്ഷമാക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ ജനങ്ങളുടെ ജീവൻ കൊണ്ടാണ് കളിക്കുന്നത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, മുസ് ലിം ലിഗ് സംസ്ഥാന സെക്രട്ടറി യു സി രാമൻ, ജില്ലാ ആക്റ്റിംഗ് പ്രസിഡണ്ട് കെ എ ഖാദർ മാസ്റ്റർ, സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ എൻ സി അബൂബക്കർ, മണ്ഡലം പ്രസിഡണ്ട് കെ മൂസ മൗലവി, കോൺഗ്രസ് നേതാക്കളായ എൻ. സുബ്രഹ്മണ്യൻ, അഡ്വ. പി എം നിയാസ്, കെ എം അഭിജിത്, ആദം മുൻസി, യുത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ആർ ഷെഹിൻ , യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് ആശിക്ക് ചെലവൂർ, ജില്ലാ ഭാരവാഹികളായ മിസ്അബ് കീഴരിയൂർ, കെ എം എ റഷീദ്, എ.ഷിജിത് ഖാൻ , ഒ എം നൗഷാദ്, ഷഫീഖ് അരക്കിണർ, എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി സാഹിബ് മുഹമ്മദ് വസതി സന്ദർശിച്ചു.

EDUCATION

‘മൂന്ന് മിനാരങ്ങളുള്ള കെട്ടിടം’; ബാബരിയുടെ പേര് പരാമർശിക്കാതെ എൻസിഇആർടി പാഠപുസ്‌തകം

പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പള്ളി എന്നതിന് പകരം ‘മൂന്ന് മിനാരങ്ങളുള്ള കെട്ടിടം’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

Published

on

ബാബരി മസ്ജിദിന്റെ പേര് പരാമര്‍ശിക്കാതെ എന്‍സിഇആര്‍ടി പാഠപുസ്തകം. പ്ലസ് ടു പൊളിറ്റിക്‌സ് പാഠപുസ്തകത്തിലാണ് ബാബരിയുടെ പേര് ഒഴിവാക്കിയത്. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പള്ളി എന്നതിന് പകരം ‘മൂന്ന് മിനാരങ്ങളുള്ള കെട്ടിടം’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട പത്ര വാര്‍ത്തകളും ഒഴിവാക്കി. രാമജന്മഭൂമിയില്‍ നിര്‍മിച്ച മൂന്ന് മിനാരങ്ങളുള്ള കെട്ടിടം എന്നാണ് പുതിയ പുസ്തകത്തിലുള്ളത്. കൂടാതെ കെട്ടിടത്തിനകത്തും പുറത്തും ഹിന്ദു ചിഹ്നങ്ങളും അവശിഷ്ടങ്ങളും കാണാന്‍ സാധിച്ചിരുന്നുവെന്നും ചേര്‍ത്തിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പള്ളി എന്നായിരുന്നു പഴയ പാഠഭാഗം.

ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന് എതിരായ സുപ്രിംകോടതി നടപടിയും പുതിയ പുസ്തകത്തില്‍ ഇല്ല. സുപ്രിംകോടതി വിധിക്ക് ശേഷം വരുത്തിയ മാറ്റങ്ങളാണിതെന്ന് എന്‍സിആര്‍ടി അറിയിച്ചു.

കഴിഞ്ഞയാഴ്ചയാണ് പുസ്തകം പുറത്തിറക്കിയത്. നേരത്തേ ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് നാല് പേജുകള്‍ പുസ്തകത്തിലുണ്ടായിരുന്നു. ഇത് രണ്ട് പേജായി കുറച്ചു.

ഗുജറാത്തിലെ സോമനാഥില്‍നിന്ന് അയോധ്യ വരെയുള്ള ബി.ജെ.പി രഥയാത്ര, കര്‍സേവകരുടെ പങ്ക്, ബാബരി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപം, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രപതി ഭരണം, അയോധ്യയിലുണ്ടായ സംഭവങ്ങളുടെ പേരില്‍ ബി.ജെ.പി നടത്തിയ ഖേദപ്രകടനം എന്നിവയെല്ലാം പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Continue Reading

india

നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടത്തിയ സംഭവത്തിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പടെ നാല് പേർ അറസ്റ്റിൽ

അധ്യാപകർക്ക് ഉൾപ്പടെ വിദ്യാർഥികൾ പരീക്ഷയിൽ ക്രമക്കേട് നടത്തുന്നതിന് കൈക്കൂലി നൽകിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്

Published

on

ന്യൂഡൽഹി: നീറ്റ് പരീക്ഷ വിവാദത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രവേശന പരീക്ഷയിൽ ക്രമക്കേട് നടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഗുജറാത്തിലെ ഗോധ്ര പൊലീസാണ് അഞ്ച് പേരെ പിടികൂടിയത്. കേസിൽ 12ഓളം വിദ്യാർഥികളും വഡോദര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കോച്ചിങ് സെന്റർ അധികൃതരും പ്രതികളാവുമെന്നാണ് സൂചന. അധ്യാപകരാണ് വഡോദരയിലെ കോച്ചിങ് സെന്റർ നടത്തുന്നത്.

അധ്യാപകർക്ക് ഉൾപ്പടെ വിദ്യാർഥികൾ പരീക്ഷയിൽ ക്രമക്കേട് നടത്തുന്നതിന് കൈക്കൂലി നൽകിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. നീറ്റ് പരീക്ഷയിൽ വിദ്യാർഥികൾ ഉത്തരമറിയാത്ത ചോദ്യങ്ങൾ ഒഴിവാക്കുകയും തുടർന്ന് അധ്യാപകർ ഇതിന്റെ ഉത്തരം എഴുതി ചേർക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ രീതിയിലാണ് പരീക്ഷയിൽ ക്രമക്കേട് നടത്തിയത്.

മെയ് അഞ്ചിന് ജയ് ജൽറാം സ്കൂളിൽ നടന്ന പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. എഡ്യുക്കേഷൻ കൺസൾട്ടന്റ് വിഭോർ ആനന്ദ്, പ്രിൻസിപ്പൽ പുരഷോത്തം ശർമ, നീറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് തുഷാർ ഭട്ട് എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പം പ്രദേശത്തെ ഇമിഗ്രേഷൻ ഏജൻസി ഉടമയായ പരശുറാം റോയിയും കസ്റ്റഡിയിലായി.

നാല് വിദ്യാർഥികൾ 66 ലക്ഷം വീതം പരുശുറാം റോയിക്ക് ക്രമക്കേട് നടത്താനായി നൽകിയെന്നാണ് ഗുജറാത്ത് പൊലീസ് പറയുന്നത്. മൂന്ന് വിദ്യാർഥികൾ ബ്ലാങ്ക് ചെക്കും നൽകും. റാവുവാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ എന്നാണ് പൊലീസ് സംശയം. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. വിദ്യാർഥികളുടെ രക്ഷിതാക്കൾ സംഘത്തിന് 2.88 കോടി രൂപ നൽകിയെന്നാണ് പൊലീസ് കണ്ടെത്തൽ. കേസുമായി ബ​ന്ധപ്പെട്ട് വിദ്യാർഥികൾ നൽകിയ ബ്ലാങ്ക് ചെക്കുകൾ ഉൾപ്പടെ പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Continue Reading

india

ഊട്ടി മോഡല്‍ ഇ-പാസ് കര്‍ണാടകയിലേക്കും;അമിത ടൂറിസം നിയന്ത്രിക്കാനൊരുങ്ങി സര്‍ക്കാര്‍

കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന കുടകിലും നിയന്ത്രണങ്ങള്‍ വന്നേക്കും

Published

on

കര്‍ണാടക: അമിത വിനോദസഞ്ചാരത്തെ നിയന്ത്രിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഊട്ടിയിലും കൊടൈക്കനാലിലും നടപ്പാക്കിയ ഇ-പാസ് മാതൃക കര്‍ണാടകയിലും വന്നേക്കും. കര്‍ണാടകത്തിലെ വനങ്ങളിലും പര്‍വതപ്രദേശങ്ങളിലുമാണ് കര്‍ണാടക സര്‍ക്കാര്‍ സഞ്ചാരികളെ നിയന്ത്രിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന കുടകിലും നിയന്ത്രണങ്ങള്‍ വന്നേക്കും.

ഇതിനായി ടൂറിസം നയങ്ങളില്‍ മാറ്റംവരുത്താനും കര്‍ണാടക സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ടൂറിസം മാതൃകകളെ പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യം വെക്കുന്നത്. ഒപ്പം പശ്ചിമഘട്ട പ്രദേശങ്ങളെയും വന്യമൃഗ സമ്പത്തിനെയും സംരക്ഷിക്കാനും ഇത്തരം നടപടികള്‍ ആവശ്യമാണെന്നാണ് കര്‍ണാടക വനം വകുപ്പിലെയും ടൂറിസം വകുപ്പിലെയും ഒരു വിഭാഗത്തിന്റെ വാദം. നിലവിലുള്ള സഞ്ചാരി പ്രവാഹങ്ങള്‍ തുടര്‍ന്നാല്‍ അത് വലിയ ദുരന്തങ്ങള്‍ക്ക് കാരണമാവുമെന്നും അത് സംസ്ഥാനത്തിന് കളങ്കമാവുമെന്നും ഇവര്‍ പറയുന്നു.

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളില്‍ ഇ-പാസ് നടപ്പിലാക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് കര്‍ണാടക ടൂറിസം മന്ത്രി എച്ച്.കെ പാട്ടീല്‍ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണംകഴിഞ്ഞ സീസണില്‍ കര്‍ണാടകയിലെ ചില ട്രക്കിങ് സ്‌പോട്ടുകളിലേക്ക് സഞ്ചാരികള്‍ പ്രവഹിച്ചിരുന്നു. കര്‍ണാടകയിലൂടെ കടന്നു പോകുന്ന പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ കുമാര പര്‍വതം ഉള്‍പ്പടെയുള്ള അതീവ പരിസ്ഥിതി ലോല മേഖലകളിലാണ് വലിയ തിരക്കനുഭവപ്പെട്ടത്. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വനങ്ങളില്‍ ട്രക്കിങ് നടത്തുന്നതിന് സര്‍ക്കാര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയിരുന്നു.

പ്രധാന ടൂറിസം കേന്ദ്രമായ കുടകില്‍ വലിയ ട്രാഫിക് ബ്ലോക്കുകള്‍ രൂപപ്പെട്ടതും വാര്‍ത്തയായി.കഴിഞ്ഞ മാസമാണ് ഊട്ടിയിലും കൊടൈക്കനാലിലും തമിഴ്‌നാട് സര്‍ക്കാര്‍ ഇ-പാസ് നടപ്പിലാക്കിയത്. വേനല്‍ക്കാലത്ത് ഊട്ടിയിലും കൊടൈക്കനാലിലും വാഹനഗതാഗതം നിയന്ത്രിക്കുന്നതിന്, പ്രവേശിക്കുന്ന സ്വകാര്യവാഹനയാത്രികര്‍ക്ക് ഇ-പാസ് ഉണ്ടായിരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണിത്. ഇതിനെ തുടര്‍ന്ന് സന്ദര്‍ശകര്‍ക്കായി തമിഴ്‌നാട് സര്‍ക്കാര്‍ അതിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ടി.എന്‍. ഇ-പാസ് ഓണ്‍ലൈന്‍ അപേക്ഷാപ്രക്രിയ തുടങ്ങിയിരുന്നു. മെയ് മാസം നടപ്പിലാക്കിയ ഈ നിയന്ത്രണം പിന്നീട് ജൂണ്‍ 30 വരെ നീട്ടുകയായിരുന്നു.

Continue Reading

Trending