ബംഗളൂരു: ശ്രീ സിദ്ധഗംഗ മഠാധിപതിയും ലിംഗായത്ത് സമുദായാചാര്യനുമായ ശിവകുമാര സ്വാമി(111) അന്തരിച്ചു. തുമകൂരുവിലെ സിദ്ധഗംഗ മഠത്തില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആഴ്ച്ചകളായി സിദ്ധഗംഗ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റെറില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിറുത്തിയിരുന്നത്. സംസ്‌കാരം ചൊവ്വാഴ്ച്ച വൈകീട്ട് 4.30ന് നടക്കും.

1930-ലാണ് ശിവകുമാര സ്വാമി സിദ്ധഗംഗ മഠാധിപതിയാവുന്നത്. പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസവും ഭക്ഷണവുമെത്തിക്കുന്നതില്‍ നല്‍കിയ സംഭാവനകള്‍ക്ക് 2015-ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ശിവകുമാര സ്വാമിക്ക് ഭാരതരത്‌ന നല്‍കണമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി ഉള്‍പ്പെടെയുളളവര്‍ ആവശ്യപ്പെട്ടിരുന്നു.