ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. മോദിയുടെ ഭരണം ഹിറ്റ്‌ലര്‍ യുഗത്തിന് സമാനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സി.ബി.ഐ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയവല്‍കരിച്ച മോദി ജനാധിപത്യത്തെ കശാപ്പു ചെയ്തതായും സിദ്ധരാമയ്യ ആരോപിച്ചു.
അടിമുടി ഹിറ്റ്‌ലറെ അനുകരിക്കാനാണ് മോദിയുടെ ശ്രമം. ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിച്ച് ഭരിക്കുന്നു. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ തേജോവധം ചെയ്യുകയാണ്. സി.ബി.ഐയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ചു. അഴിമതി ആരോപണം നേരിടുന്ന സി.ബി.ഐക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍ സര്‍ക്കാറുകളുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളും ഈ മാതൃക പിന്തുടരണം. രാഷ്ട്രീയ ലക്ഷ്യം വെച്ച് സ്വന്തക്കാരെ അന്വേഷണ ഏജന്‍സികളില്‍ തിരുകികയറ്റുന്നത് ശരിയല്ല. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ കര്‍ണാടകയില്‍ ബി.ജെ.പി തൂത്തെറിയപ്പെടുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.