ന്യൂഡല്‍ഹി: സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെ കയ്യേറ്റം.
പാര്‍്ട്ടി ആസ്ഥാനമായ എ.കെ.ജി ഭവന് അകത്തു വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തെത്തുടര്‍ന്ന് യെച്ചൂരി നിലത്തു വീണു. മൂന്ന് ഭാരതി ഹിന്ദുസേന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. യെച്ചൂരിയുടെ വാര്‍ത്താസമ്മേളനം നടക്കാനിരിക്കെയാണ് ആക്രമണമുണ്ടായത്. കനത്ത പൊലീസ് സുരക്ഷ ഭേദിച്ചാണ് അക്രമികള്‍ അകത്തു കടന്നതെന്നാണ് വിവരം.
രണ്ടാം നിലയില്‍ നിന്ന് പൊളിറ്റ് ബ്യൂറോ യോഗം കഴിഞ്ഞ് ഒന്നാം നിലയിലെ മീഡിയാ റൂമിലേക്ക് യെച്ചൂരി നടന്നിറങ്ങുമ്പോഴാണ് അക്രമികള്‍ വന്നത്. സിപിഎം മൂര്‍ദാബാദ് എന്ന മുദ്രാവാക്യവുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ പ്രതിഷേധത്തില്‍ യെച്ചൂരി അമ്പരന്നു പോയെങ്കിലും പിന്നീട് എകെജി സെന്റിലെ ജീവനക്കാരെത്തി ഇവരെ പിടിച്ചു മാറ്റി. സിപിഎമ്മിന്റെ രാജ്യവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് കയ്യേറ്റമെന്ന് അറസ്റ്റിലായ ഭാരതി ഹിന്ദുസേന പ്രവര്‍ത്തകര്‍ വിളിച്ചു പറഞ്ഞിരുന്നത്.