നെട്ടൂര്‍: കുമ്പളത്ത് ഒഴിഞ്ഞപറമ്പില്‍ കോണ്‍ക്രീറ്റ് നിറച്ച പ്ലാസ്റ്റിക്ക് വീപ്പയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു വര്‍ഷത്തിലേറെ പഴക്കമുണ്ട്. പൂര്‍ണ്ണമായും ദ്രവിച്ച നിലയിലായിരുന്നു മൃതദേഹം.തലയോട്ടിയും, അസ്ഥികളും മാത്രമാണ് അവശേഷിച്ചിട്ടുള്ളത്. മൃതദേഹത്തി ല്‍ നിന്നും ലഭിച്ച വെള്ളി അരഞ്ഞാണം, മുടിയുടെ നീളം,വസ്ത്രാവശിഷ്ടം എന്നിവയില്‍ നിന്നാണ് മൃതദേഹം സ്ത്രീയുടേതെന്ന നിഗമനത്തില്‍ പോലീസെത്തിയത്. കുമ്പളം ദേശീയ പാതയോടും, കായലിനോടും ചേര്‍ന്ന പറമ്പിലിരുന്നിരുന്ന വീപ്പയിലായിരുന്നു അസ്ഥികൂടമായ മൃതദേഹം കണ്ടെത്തിയത്.ആലപ്പുഴ കേന്ദ്രമായുള്ള പാംഫൈബര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ആറേക്കര്‍ ഭൂമി. 2016 ഡിസംബര്‍ 16ന് ഭൂമിയിലൂടെ കടന്നുപോകുന്ന കാന ജെ.സി.ബി.ഉപയോഗിച്ച് വൃത്തിയാക്കിയതായി കമ്പനി ജനറല്‍ മാനേജര്‍ ഓസേപ്പച്ചന്‍ പറഞ്ഞു. ഈ സമയം കമ്പനിയുടെ അതിരിനോട് ചേര്‍ന്ന് കായലില്‍ കുത്തി നിര്‍ത്തിയ നിലയില്‍ കണ്ടെത്തിയ വീപ്പ ജെ.സി.ബി.ഉപയോഗിച്ച് കമ്പനിയുടെ ഭൂമിയിലേക്ക് എടുത്ത് വച്ചതായും പറയുന്നു.

ഒരു വര്‍ഷത്തിലേറെയായി വീപ്പ ഇവിടെ ഇരിക്കുന്നു.രണ്ട് മാസം മുമ്പ് നെട്ടൂര്‍ കായലില്‍ ചാക്കില്‍ കോണ്‍ക്രീറ്റ് കട്ടയോടൊപ്പം കെട്ടി താഴ്ത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു.കുമ്പളത്ത് വീപ്പയില്‍ കണ്ട കോണ്‍ക്രീറ്റ് കട്ടയും, നെട്ടൂര്‍ കായലില്‍ യുവാവിന്റെ മൃതദേഹത്തോടൊപ്പം കണ്ട കോണ്‍ക്രീറ്റ് കട്ടയും സാമ്യമുള്ളതായി കാണപ്പെട്ടു. ഈ വിവരം കുമ്പളത്തെ ചില മത്സ്യ തൊഴിലാളികള്‍ മധ്യമങ്ങളെ അറിയിച്ചിരുന്നു. അതിനെ തുടര്‍ന്ന് രാവിലെ ഒന്‍പത് മണിയോടെ പനങ്ങാട് പോലീസ് സ്ഥലത്തെത്തി കോണ്‍ക്രീറ്റ് കട്ടപൊട്ടിച്ച് വീപ്പ പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ അസ്ഥികൂടം പോലെയായ മൃതദേഹം കാണപ്പെട്ടത്.

തലകീഴായി കൈ,കാലുകള്‍ മടക്കി വീപ്പയില്‍ കയറ്റിയ ശേഷം കോണ്‍ക്രീറ്റിട്ട് ഉറപ്പിച്ച നിലയിലായിരുന്നു. മൃതദേഹത്തോടൊപ്പം നിരോധിച്ച രണ്ട് അഞ്ഞൂറ് രൂപ നോട്ടുകളും, ഒരു നൂറ് രൂപ നോട്ടും ലഭിച്ചു.മൃതദേഹം കണ്ടെത്തിയ ഭൂമിയോട് ചേര്‍ന്ന് കുമ്പളം ശാന്തിതീരം പൊതുശ്മശാനവും,സി.വി.സി.സി. കോണ്‍ക്രീറ്റ് മിക്‌സിംഗ് കമ്പനിയും പ്രവര്‍ത്തിക്കുന്നുണ്ട്. വിവരമറിഞ്ഞ് സിറ്റി പോലീസ് കമ്മീഷണര്‍ എം.പി.ദിനേശ്, ഡി.സി.പി.കറുപ്പ് സ്വാമി, എ.സി.മാരായ വിജയകുമാര്‍, ഷംസ്, ഡോ. ഉമേഷ്, ഫൊറന്‍സിക് വിദഗ്ദര്‍ എന്നിവരുടെ നേതൃത്വത്തില്‍ തെളിവുകള്‍ ശേഖരിച്ചു.