ഡല്‍ഹി: സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 വയസാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ 18 വയസാണു പുകയില ഉത്പന്നങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള കുറഞ്ഞ പ്രായപരിധി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുതിയ ഭേദഗതിക്കു ചുക്കാന്‍ പിടിക്കുന്നത്. പുകയില ഉത്പന്നങ്ങള്‍ പരസ്യം ചെയ്യുന്നതും വാങ്ങുന്നതും വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും സംബന്ധിച്ചു നിലവിലുള്ള പുകയില നിരോധന നിയമത്തില്‍ ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

പുകയില നിരോധന നിയമ ഭേദഗതി 2020ന്റെ കരട് സര്‍ക്കാര്‍ തയാറാക്കി. ഭേദഗതി പ്രകാരം ഒരു വ്യക്തിയും പുകയില ഉത്പന്നം 21 വയസില്‍ താഴെയുള്ളയാള്‍ക്കോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 100 മീറ്റര്‍ പരിധിയിലോ വില്‍ക്കുകയോ വില്‍ക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യരുത്.

അനധികൃതമായി സിഗരറ്റുകളും പുകയില ഉത്പന്നങ്ങളും വില്‍ക്കുന്നതിനെതിരെയും നിയമം വന്നേക്കും. പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നതിനുള്ള പിഴ 200 രൂപയില്‍ നിന്ന് 2000 രൂപയാക്കുമെന്നാണ് ബില്ലിന്റെ കരടില്‍ പറയുന്നത്.

പുകയില നിരോധന നിയമത്തിന്റെ ഏഴാം വകുപ്പും ഭേദഗതി ചെയ്തു. നിയമം തെറ്റിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും ഒരു ലക്ഷം വരെ പിഴയും ഈടാക്കിയേക്കും. ഇതിനു പുറമേ നിര്‍ദേശിച്ചിരിക്കുന്നതിലും വളരെ കുറച്ച് അളവില്‍ പുകയില ഉത്പന്നങ്ങള്‍ നേരിട്ടോ അല്ലാതെയോ വില്‍ക്കുന്നതോ വിതരണം ചെയ്യുന്നതോ കുറ്റകരമാണെന്ന വ്യവസ്ഥ കൂടി ചേര്‍ക്കും. ഇത് ലംഘിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും പിഴയും അനുഭവിക്കേണ്ടി വരും.