മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങളുടെ മറുപടിക്ക് മുന്നില്‍ നിസ്സഹായയായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. റാലിക്കെത്തിയ ആളുകളോട് ചോദിച്ച ചോദ്യത്തിന് ജനങ്ങള്‍ നല്‍കിയ മറുപടിയാണ് സ്മൃതി ഇറാനിയെ പരുങ്ങലിലാക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിനിടയില്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും വാഗ്ദാനം ചെയ്തത് പോലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളിയോയെന്ന് സ്മൃതി ഇറാനി ചോദിച്ചു. ഒട്ടും മടിച്ച് നില്‍ക്കാതെ ജനക്കൂട്ടം അതേയെന്നും കടങ്ങള്‍ എഴുതി തള്ളിയെന്നും മറുപടി നല്‍കുകയായിരുന്നു.
തീരെ പ്രതീക്ഷിക്കാത്ത മറുപടി ലഭിച്ചതോടെ സ്മൃതി ഇറാനി പരുങ്ങലിലായി. ജനങ്ങളുടെ മറുപടി അര മിനുട്ടോളം നീണ്ട് നിന്നപ്പോള്‍ സ്മൃതി ഇറാനിയ്ക്ക് പ്രസംഗം നിര്‍ത്തി വെക്കേണ്ടിയും വന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.