വാംഖഡെ:ശ്രീലങ്കക്കെതിരെ ടിട്വന്റി പരമ്പര തൂത്തുവാരി ഇന്ത്യ. വാംഖഡെയില്‍ നടന്ന മൂന്നാം ടിട്വന്റിയില്‍ 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ നാലു പന്ത് ബാക്കി നില്‍ക്കെ വിജയ റണ്‍സ് കുറിക്കുകയായിരുന്നു.

135 റണ്‍സിലേക്ക് ലങ്കയെ എത്തിച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത അസേല ഗുണരത്നേ(35), ദസുന്‍ ഷനക(29*) എന്നിവരുടെ പ്രകടനത്തിലാണ് ശ്രീലങ്ക ഭേദപ്പെട്ട സ്‌ക്കോറിലെത്തിയത്. താരതമ്യേന ദുര്‍ബ്ബലമായ ലക്ഷ്യം അധികം പരിക്കേല്‍ക്കാതെ ഇന്ത്യ പിന്തുടരുകയായിരുന്നു. നാലു റണ്‍സെടുത്ത കെ.എല്‍ രാഹുല്‍ എളുപ്പം മടങ്ങിയെങ്കിലും രോഹിതും ശ്രേയസ് അയ്യരും മനീഷ് പാണ്ഡെയും ഇന്ത്യയെ വിജയത്തിലേത്തിക്കുകയായിരുന്നു. കുറഞ്ഞ സ്‌കോറായതും ഇന്ത്യക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി.

കെഎല്‍ രാഹുലിനെ വേഗത്തില്‍ നഷ്ടമായ ഇന്ത്യയ്ക്കായി ശ്രേയസ് അയ്യര്‍(30), മനീഷ് പാണ്ഡേ(32), രോഹിത് ശര്‍മ്മ(27) എന്നിവരാണ് ഇന്ത്യയ്ക്കായി ബാറ്റിംഗില്‍ തിളങ്ങിയത്. ഇന്ത്യ വിജയിക്കുമ്പോള്‍ 12 പന്തില്‍ 18 റണ്‍സുമായി ദിനേശ് കാര്‍ത്തിക്കും 10 പന്തില്‍ 16 റണ്‍സുമായി ധോനിയുമായിരുന്നു ക്രീസില്‍.

ശ്രീലങ്കയ്ക്കായി ദസുന്‍ ഷനക ബൗളിംഗിലും രണ്ട് വിക്കറ്റ് നേടി തിളങ്ങി. ദുഷ്മന്ത ചമീരയും രണ്ട് വിക്കറ്റ് നേടി.