നാഗ്പൂര്‍: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യന്‍ ആധിപത്യം. സന്ദര്‍ശകരെ 205 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ഇന്നലെ സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റിന് 11 എന്ന നിലയിലാണ്.
നാലു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിന്റെയും മൂന്നു വീതം പേരെ പുറത്താക്കിയ ഇശാന്ത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരുടെയും മികവിലാണ് ഇന്ത്യ ലങ്കയെ ആദ്യദിനം തന്നെ പുറത്താക്കിയത്.

അര്‍ധ സെഞ്ച്വറി നേടിയ ദിമുത് കരുണരത്നെക്കും (51) നായകന്‍ ദിനേഷ് ചണ്ഡിമലിനും (57) മാത്രമേ ലങ്കന്‍ നിരയില്‍ ബാറ്റു കൊണ്ട് കാര്യമായ വല്ലതും ചെയ്യാന്‍ കഴിഞ്ഞുള്ളൂ. അതു കഴിഞ്ഞാലുള്ള ഉയര്‍ന്ന സ്‌കോര്‍ നിരോഷന്‍ ഡിക്ക്വെല്ല(24)യുടേതാണ്.
ലോകേഷ് രാഹുലിന്റെ (7) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. രണ്ട് റണ്‍സ് വീതവുമായി മുരളി വിജയും ചേതേശ്വര്‍ പുജാരയുമാണ് ക്രീസില്‍.