അഷ്‌റഫ് തൈവളപ്പ്
കൊച്ചി

പുതുമയുമായെത്തുന്ന ഐ.എസ്.എല്‍ നാലാം സീസണിലെ രണ്ടു പുതിയ ടീമുകളിലൊന്നാണ് ജംഷഡ്പൂര്‍ എഫ്.സി. കേരള ബ്ലാസ്റ്റേഴ്‌സിനെ പോയ സീസണില്‍ ഫൈനല്‍ വരെയെത്തിച്ച പരിശീലകന്‍ സ്റ്റീവ് കൊപ്പലിനെ തങ്ങളുടെ തട്ടകത്തിലെത്തിച്ചാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടീം സീസണ്‍ അരങ്ങേറ്റത്തിന് ഒരുക്കം തുടങ്ങിയത്.പിന്നാലെ പ്ലയര്‍ ഡ്രാഫ്റ്റില്‍ മികച്ച ഇന്ത്യന്‍ താരങ്ങളെയും സ്വന്തമാക്കി. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിലൊരാളായ മലയാളി താരം അനസ് എടത്തൊടികടയെ ടീമിലെത്തിച്ചാണ് സ്റ്റാര്‍ ചോയ്‌സിന് ടീം തുടക്കമിട്ടത്. മധ്യനിരയിലെ കരുത്തനായ മെഹ്താബ് ഹുസൈനെ അടക്കം പ്രതിഭാശാലികളായ ഒരു പിടി താരങ്ങളെ സ്വന്തമാക്കാനായത് വഴി സീസണിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി മാറാനും ജംഷഡ്പൂരിനായി. കഴിഞ്ഞ സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടായിരുന്ന ഇഷ്ഫാഖ് അഹമ്മദായിരുന്നു കൊപ്പലിനൊപ്പം ടീം തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയത്.
ശക്തമായ മധ്യനിരയാണ് ജംഷഡ്പൂരിന്റേത്. എല്ലാവരും പരിചയ സമ്പന്നരാണെന്നത് പ്ലസ് പോയിന്റ്. ഇന്ത്യന്‍ താരങ്ങളായ മെഹ്താബ് ഹുസൈനും സൗവിക് ചക്രബര്‍ത്തിയും തന്നെയാണ് പ്രധാനികള്‍. ലെഫ്റ്റ് വിങറായ ബികാഷ് ജൈറുവാണ് മറ്റൊരു ഇന്ത്യന്‍ താരം. കൊല്‍ക്കത്തയില്‍ നിന്ന് സൗത്ത് ആഫ്രിക്കന്‍ താരം സമീഗ് ദൂതിയെയും മധ്യനിര വാഴാന്‍ ടീമിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു സീസണുകളിലും സ്ഥിരതുള്ള പ്രകടനമായിരുന്നു സമീഗിന്റേത്. ഗോളടിക്കാനും ഗോളവസരങ്ങള്‍ സൃഷ്ടിക്കാനും മിടുക്കനായ താരം കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തക്ക് കിരീടം നേടികൊടുക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ചു. ബ്രസീലിയന്‍ താരങ്ങളായ മാത്യൂസ് ട്രിനിഡാഡ്, മിമോ എന്നിവരാണ് മിഡ്ഫീല്‍ഡിലെ മറ്റു വിദേശ താരങ്ങള്‍.
പ്രതിരോധ നിരയാണ് ടീമിന്റെ മറ്റൊരു ഹൈലൈറ്റ്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച സെന്‍ട്രല്‍ ഡിഫന്ററായ അനസ് എടത്തൊടികയുടെ നേതൃത്വത്തില്‍ കെട്ടുന്ന പ്രതിരോധ കോട്ട തകര്‍ക്കാന്‍ എതിരാളികള്‍ ഏറെ വിയര്‍ക്കേണ്ടി വരും. ആന്ദ്രെ ബികെ, യുവതാരം സെറ്വാത് കിമ, തിരി തുടങ്ങിയവരും ഡിഫന്‍സിലെ പ്രധാന താരങ്ങളാണ്. മറ്റു പൊസിഷനുകള്‍ ഭദ്രമാണെങ്കിലും മുന്നേറ്റത്തില്‍ ചെറിയ ആശങ്കകളുണ്ട് ടീമിന്. കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനം നടത്തിയ കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ടാണ് ടീമിന്റെ പ്രധാന സ്‌ട്രൈക്കര്‍. ആദ്യമായി ഇന്ത്യന്‍ ലീഗില്‍ കളിക്കുന്ന നൈജീരിയന്‍ താരം ഇസു അസുകയും ബെല്‍ഫോര്‍ട്ടിനൊപ്പമുണ്ട്. ഇന്ത്യന്‍ താരങ്ങളില്‍ മികവു കാട്ടുന്നവര്‍ കുറവാണ്. യുവതാരങ്ങളായ സിദ്ദാര്‍ഥ് സിങ്, ഫാറൂഖ് ചൗധരി, സുമിത് പാസി, ഏറെ കാലത്തിന് ശേഷം മുഖ്യധാര ഫുട്‌ബോളിലേക്ക് തിരിച്ചെത്തുന്ന അഷിം ബിശ്വാസ് എന്നിവരാണ് മുന്നേറ്റത്തിലെ സ്വദേശികള്‍. സുബ്രത്രാ പോള്‍, സഞ്ജീബന്‍ ഘോഷ്, റഫീഖ് അലി സര്‍ദാര്‍ എന്നിവര്‍ അടങ്ങുന്ന ഗോള്‍കീപ്പര്‍മാരുടെ സ്‌ക്വാഡില്‍ വിദേശ താരങ്ങള്‍ ആരുമില്ല. തായ്‌ലാന്റിലായിരുന്നു ടീമിന്റെ പ്രീസീസണ്‍. ഇവിടെ നാലു സന്നാഹ മത്സരങ്ങള്‍ കളിച്ചു. മുന്നെണ്ണത്തിലും ജയിക്കാനായത് നേട്ടം.
ജാര്‍ഖണ്ഡലിലെ ജംഷഡ്പൂര്‍ ജെ.ആര്‍.ഡി ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സാണ് ടീമിന്റെ ഹോം ഗ്രൗണ്ട്. 18ന് ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റണിനെതിരെയാണ് ആദ്യ മത്സരം. ആദ്യ വരവില്‍ തന്നെ ആരാധകരെ ആകര്‍ഷിക്കാന്‍ 50 രൂപ മുതലുള്ള ടിക്കറ്റുകളാണ് ജംഷഡ്പൂര്‍ എഫ്.സി വില്‍പ്പനക്കെത്തിച്ചിരിക്കുന്നത്.
ജംഷഡ്പൂര്‍ സ്‌ക്വാഡ്:
വിദേശ താരങ്ങള്‍: കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട്, ആന്ദ്രെ ബികെ, തിരി, മാതിയൂസ് ഗോണ്‍സാല്‍വെസ്, മിമോ, സമീഗ് ദൂതി, ഇസു അസുക. സ്വദേശ താരങ്ങള്‍: റഫീഖ് അലി സര്‍ദാര്‍, സഞ്ജീബന്‍ ഘോഷ്, സുബ്രതാ പോള്‍, അനസ് എടത്തൊടിക, റോബിന്‍ ഗുരുങ്, സൈറുവാത് കിമ, സൗവിക് ഘോഷ്, യുനം രാജു, ബികാഷ് ജൈറു, മെഹ്താബ് ഹുസൈന്‍, സൗവിക് ചക്രബര്‍ത്തി, ഇഷ്ഫാഖ് അഹമ്മദ്, അശിം ബിശ്വാസ്, ഫാറൂഖ് ചൗധരി, ജെറി മവിമിങ്താന, സിദ്ദാര്‍ഥ് സിങ്, സുമിത് പാസി.