ജാംഷെഡ്പൂര്‍: തട്ടുതകര്‍പ്പന്‍ പ്രകടനവുമായി കോപ്പലാശാനും കുട്ടികളും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മൂന്നാമത്. ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആതിഥേയരായ ജാംഷെഡ്പൂര്‍ എക ഗോളിനു നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡിനെ തോല്‍പ്പിച്ചു. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം ബ്രസീലിയന്‍ താരം വെല്ലിങ്ടണ്‍ പ്രയോറിയുടെ സൂപ്പര്‍ ഗോള്‍ ജാംഷെഡ്പൂരിന് വിജയമൊരുക്കി. പ്രയോറി തന്നെയാണ് ഹീറോ ഓഫ് ദി മാച്ച്. ജാംഷെഡ്പൂരിന്റെ ഗോള്‍കീപ്പര്‍ സുബ്രതോ പോളിന്റെ ഐ.എസ്.എല്ലിലെ 20 ാമത്തെ ക്ലീന്‍ ഷീറ്റും. സീസണിലെ ഏഴാം ക്ലീന്‍ ഷീറ്റുമാണ് ഇന്നലെ കുറിക്കപ്പെട്ടത്. സ്റ്റീല്‍ സിറ്റിയിലെ നിര്‍ണായക ജയത്തോടെ ജാംഷെഡ്പൂര്‍ 25 പോയിന്റോടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഒന്‍പതാം തോല്‍വിയോടെ നോര്‍ത്ത് ഈസറ്റ് നാലാം സീസണിലും സെമിഫൈനല്‍ പ്ലേ ഓഫ് കാണാതെ പുറത്തായി. ഇനി ശേഷിക്കുന്ന നോര്‍ത്ത് ഈസ്റ്റിന്റെ മത്സരങ്ങള്‍ അക്കാദമിക് താല്‍പ്പര്യം മാത്രമായി ചുരുങ്ങും.
രണ്ടു ടീമുകളും രണ്ടു മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ജാംഷെഡ്പൂരിന്റെ നിരയില്‍ ആഷിം ബിശ്വാസ്, ബികാഷ് ജെയ്‌റു എന്നിവരും നോര്‍ത്ത് ഈസ്റ്റിന്റെ നിരയില്‍ സെമ, റോബര്‍ട്ട് എന്നിവരും വന്നു. നോര്‍ത്ത് ഈസറ്റിന്റെ ആദ്യ ഇലവില്‍ ആദ്യമായി ഡാനിലോ സെസാരിയോയെ ആദ്യ ഇലവനില്‍ നിന്നും ഒഴിവാക്കിയതാണ് സവിശേഷത. ജാംഷെഡ്പൂര്‍ ആക്രമണ നിരയുടെ കുന്തമുനയായി ഇസു അസൂക്കയെ നിര്‍ത്തി പിന്നില്‍ ബികാഷ് ജെയ്‌റു, ആഷിം ബിശ്വാസ്, ജെറി എന്നിരിലൂടെ ആക്രമണങ്ങള്‍ മെനഞ്ഞു . മറുവശത്ത് നോര്‍ത്ത് ഈസ്റ്റ് സെമയെ മുന്നില്‍ നിര്‍ത്തി പിന്നില്‍ മാഴ്‌സിലീഞ്ഞ്യോ,ഡിഡിക്ക, ഡുങ്കല്‍ എന്നിവരും ആക്രമണം കരുപ്പിടിപ്പിച്ചു.
12 ാം മിനിറ്റില്‍ എതിര്‍ ഗോള്‍ മുഖത്തുവെച്ച് പന്ത് കൈകൊണ്ടു തട്ടിയതിനു ഡിഡിക്കയ്ക്ക് ഇന്നലത്തെ ആദ്യ മഞ്ഞക്കാര്‍ഡ് കിട്ടി.