News

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്രതിസന്ധിയില്‍; പന്ത്രണ്ടാം സീസണ്‍ നടക്കുമോ എന്നത് അനിശ്ചിതം

By webdesk17

November 08, 2025

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ISL) ഭാവി അനിശ്ചിതത്വത്തിലേക്ക്. പന്ത്രണ്ടാം സീസണിന്റെ വാണിജ്യാവകാശങ്ങള്‍ ഏറ്റെടുക്കാനായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (AIFF) വിളിച്ച ടെന്‍ഡറില്‍ ഒരു കമ്പനിയും അപേക്ഷിച്ചില്ല. ഇതോടെ, ഡിസംബറില്‍ ആരംഭിക്കാനിരുന്ന പുതിയ സീസണ്‍ നടക്കുമോ എന്നത് സംശയമായി.

സംപ്രേഷണം, സ്‌പോണ്‍സര്‍ഷിപ്പ്, മാര്‍ക്കറ്റിംഗ് അവകാശങ്ങള്‍ എന്നിവ കൈകാര്യം ചെയ്യാനായിരുന്നു ടെന്‍ഡര്‍. ഒക്ടോബര്‍ 16ന് പുറത്തിറക്കിയ റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ (RFP) പ്രകാരം കുറഞ്ഞത് 250 കോടി ആസ്തിയുള്ള കമ്പനികള്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയുണ്ടായിരുന്നുള്ളൂ. ഫെഡറേഷനെ പ്രതിവര്‍ഷം 37.5 കോടി നല്‍കണമെന്നതും വ്യവസ്ഥയായിരുന്നു. മുന്‍ കരാറില്‍ ഗ്യാരണ്ടി തുക 50 കോടി ആയിരുന്നെങ്കിലും, അതില്‍ നിന്നും 12.5 കോടി കുറച്ചിട്ടും ആരും മുന്നോട്ട് വന്നില്ല.

ആദ്യഘട്ടത്തില്‍ നാല് കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും അന്തിമ ബിഡ് സമര്‍പ്പിക്കാതെ പിന്മാറി.

മുമ്പ് ISL നടത്തിയത് റിലയന്‍സ്-സ്റ്റാര്‍ സംയുക്ത സംരംഭമായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് (FSDL) ആയിരുന്നു. പത്ത് വര്‍ഷം നീണ്ട മാസ്റ്റര്‍ റൈറ്റ് കരാര്‍ ഈ ഡിസംബറോടെ അവസാനിക്കും. എന്നാല്‍ AIFF FSDL കരാര്‍ പുതുക്കാന്‍ താത്പര്യം കാണിക്കാതിരുന്നതോടെയാണ് ഇപ്പോഴത്തെ പ്രതിസന്ധി രൂപപ്പെട്ടത്.

AIFF അറിയിച്ചു, ”അപേക്ഷ ലഭിക്കാത്തതിനാല്‍ ഇവാലുവേഷന്‍ കമ്മിറ്റി ഉടന്‍ യോഗം ചേരും; ഭാവി നടപടികള്‍ അതില്‍ തീരുമാനിക്കും.”

പന്ത്രണ്ടാം സീസണ്‍ അനിശ്ചിതമായതോടെ കേരളാ ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെയുള്ള ക്ലബുകള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. താരങ്ങളുടെ പ്രതിഫലം ഉള്‍പ്പെടെ ചെലവുകള്‍ കുറയ്‌ക്കേണ്ടി വരുന്ന സാഹചര്യമാണിപ്പോള്‍.