ന്യൂഡൽഹി: ഇന്ത്യയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചില്ലെങ്കിൽ രാജ്യത്തെ യുവാക്കൾ തെരുവിലേക്ക് ഇറങ്ങുമെന്ന് മുൻ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജൻ. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ നൽകി അധിക നാൾ ഇതിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാൻ ആകില്ലെന്നും രഘുറാം രാജൻ അഭിപ്രായപ്പെട്ടു. ഭവൻസ് എസ്പി ജയിൻ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച വെബിനാറിൽ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

”തൊഴിലില്ലായ്​മയിൽ നിന്നും കുറച്ചുകാലത്തേക്ക്​ യുവാക്കളുടെ ശ്രദ്ധ തിരിക്കാം. ​തൊഴിലവസരങ്ങൾ സൃഷ്​ടിച്ചില്ലെങ്കിൽ അവർ തെരുവിലേക്കിറങ്ങുകതന്നെ ചെയ്യും. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച്​ വിഷയം മാറ്റാൻ ശ്രമിക്കാം, പക്ഷേ അത്​ പരാജയപ്പെടും”, രഘുറാം രാജൻ പറഞ്ഞു.

കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ഭര്‍ ഭാരത് പദ്ധതിയ്ക്ക് കീഴില്‍ ഉള്ള ഇറക്കുമതി നയത്തേയും രഘുറാം രാജന്‍ വിമര്‍ശിച്ചു. നേരത്തെ നടപ്പാക്കി പരാജയപ്പെട്ട ഇറക്കുമതി നയമാണിത്. ഇറക്കുമതിത്തീരുവ ഉയര്‍ത്തി ഇറക്കുമതി കുറയ്ക്കാന്‍ ഉള്ള ശ്രമം കഴിഞ്ഞ കുറേ വര്‍ഷമായി നമ്മള്‍ ചെയ്യുന്ന വിജയം കാണാത്ത പ്രവര്‍ത്തനമാണ്. ഇറക്കുമതിത്തീരുവ കുത്തനെ ഉയര്‍ത്തുന്നതിന് പകരം ഇന്ത്യയില്‍ ഉത്പാദനം ഉയര്‍ത്തുകയാണ് വേണ്ടതെന്നും രഘുറാം രാജന്‍ വ്യക്തമാക്കി.

വിദ്യാഭ്യാസ ചെലവ് ഉയര്‍ന്നതുമൂലം കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ സാധാരണക്കാര്‍ക്ക് കഴിയാത്ത സ്ഥിതിവരെയുണ്ടാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
രാജ്യത്ത് ഉപഭോഗം ഉയര്‍ത്താന്‍ ഉള്ള സര്‍ക്കാര്‍ നടപടികള്‍ കരുതലോടെയും ശ്രദ്ധയോടെയും നടപ്പാക്കിയാലേ ഫലം കാണൂ. സൗജന്യമായി ചെക്ക് ബുക്ക് നല്‍കാനുള്ള സമയം അല്ലിതെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രതിസന്ധി മൂലം രാജ്യത്തെ കമ്പനികള്‍ തുറക്കാന്‍ ആകാതെ അടച്ചുപൂട്ടിയാല്‍ സാമ്പത്തിക സ്ഥിതി വീണ്ടും മോശമാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. രാജ്യത്തെ ജിഡിപിയുടെ 50 ശതമാനവും കടം എത്തുന്ന നിലവിലെ സ്ഥിതി ശോചനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാ്ട്ടി.