കറുകച്ചാൽ: കിടപ്പുരോഗിയായ പിതാവിന്റെ വാരിയെല്ല് ചവിട്ടിയൊടിച്ച മകൻ അറസ്​റ്റിൽ. ഗരുതര പരിക്കേറ്റ ശാന്തിപുരം റൈട്ടൺപറമ്പ് ചക്കുങ്കൽ ജോൺ തോമസിനെ (68) ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മകൻ ജോസി ജോണിനെ (37) കറുകച്ചാൽ പൊലീസ് അറസ്​റ്റ്​ ചെയ്തു.

ഞായറാഴ്ച രാവിലെ 11ന് മദ്യപിച്ചെത്തിയ ജോസി പിതാവിനെ മർദിച്ചശേഷം കട്ടിലിൽനിന്ന്​ വലിച്ച് നിലത്തിട്ട് വയറിൽ ചവിട്ടുകയായിരുന്നു. തടയാനെത്തിയ അമ്മ അന്നമ്മയെയും (62) മർദിച്ചു. ബന്ധുക്കളുടെ സഹായത്തോടെ അന്നമ്മ ജോണിനെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആറ് വാരിയെല്ലുകൾ ഒടിഞ്ഞ് ജോണിന്റെ ആന്തരികാവയവങ്ങളിൽ തറച്ചുകയറി.

രക്ത സ്രാവത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ജോണിന്റെ ആരോഗ്യനില ഗുരുതരമാണ്. ഒളിവിൽപോയ ജോസിയെ കറുകച്ചാൽ പൊലീസ് ബുധനാഴ്ച ശാന്തിപുരത്തുനിന്ന്​ പിടികൂടുകയായിരുന്നു.