ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം 23-ന് നടക്കാനിരിക്കെ നിർണായക നീക്കവുമായി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. വോട്ടെണ്ണൽ ദിനത്തിൽ പ്രധാന പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ച സോണിയ, ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ബി.ജെ.പി നടത്താൻ സാധ്യതയുള്ള കുതിരക്കച്ചവടത്തിന് തടയിടാനാണ് ശ്രമിക്കുന്നത്. ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാൽ വ്യത്യസ്ത കക്ഷികളുടെ വിശാലസഖ്യത്തിലൂടെ സർക്കാറുണ്ടാക്കുക എന്ന തന്ത്രമാണ് സോണിയ ഗാന്ധിയുടെ നീക്കത്തിന് പിന്നിലെന്ന് കരുതുന്നു.

എൻ.സി.പി തലവൻ ശരദ് പവാർ, ഡി.എം.എ അധ്യക്ഷൻ സ്റ്റാലിൻ, മമതാ ബാനർജി (തൃണമൂൽ കോൺഗ്രസ്), തേജശ്വി യാദവ് (ആർ.ജെ.ഡി), എച്ച്.ഡി കുമാരസ്വാമി (ജെ.ഡി.എസ്), അഖിലേഷ് യാദവ് (സമാജ് വാദി പാർട്ടി), മമതാ ബാനർജി (ബി.എസ്.പി) എന്നിവരെ സോണിയ നേരിട്ട് വിളിച്ചിട്ടുണ്ടെന്നാണ് വിവരം. ശരദ് പവാറും സ്റ്റാലിനും യോഗത്തിൽ പങ്കെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

വോട്ടെണ്ണലിന് രണ്ടുദിവസം മുമ്പ്, 21-ന് പ്രതിപക്ഷ കക്ഷികളുടെ യോഗം ഡൽഹിയിൽ നടക്കുന്നുണ്ട്. ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടായാൽ ഏറ്റവും വലിയ പാർട്ടിയെ സർക്കാറുണ്ടാക്കാൻ ക്ഷണിക്കരുതെന്നും വലിയ മുന്നണിയെ ക്ഷണിക്കണമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെടുന്ന പ്രമേയം ഈ യോഗത്തിൽ പാർട്ടികൾ അംഗീകരിച്ചേക്കും. പല പാർട്ടികളും ഫലപ്രഖ്യാപനത്തിനു ശേഷമായിരിക്കും തീരുമാനമെടുക്കുക എന്നതിനാലാണ് 23-ന് സോണിയ യോഗം വിളിച്ചിരിക്കുന്നത്. പ്രാദേശിക കക്ഷികളെ ബി.ജെ.പി ചാക്കിടുന്നത് തടയാനും ഇതുവഴി കഴിയുമെന്നാണ് കരുതുന്നത്.

മതേതര സ്വഭാവമുള്ള പാർട്ടികളെ യോജിപ്പിച്ച് സഖ്യമുണ്ടാക്കാൻ സോണിയ അഹ്മദ് പട്ടേൽ, പി. ചിദംബരം, ഗുലാം നബി ആസാദ്, അശോക് ഗെഹലോട്ട് എന്നിവരടങ്ങുന്ന സംഘത്തെ നിയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിനു പുറമെ വൈ.എസ്.ആർ കോൺഗ്രസ്, ചന്ദ്രശേഖര റാവുവിന്റെ ടി.ആർ.എസ് തുടങ്ങിയ പാർട്ടികളുമായി ചർച്ച നടത്താൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഫലപ്രഖ്യാപന ശേഷം കോൺഗ്രസ് പ്രധാനമന്ത്രിപദത്തിനായി വാശിപിടിക്കില്ലെന്ന് ഗുലാം നബി ആസാദ് ഈയിടെ വ്യക്തമാക്കിയിരുന്നു. ഏറ്റവും കൂടുതൽ സീറ്റ് നേടുന്ന കോൺഗ്രസ് ഇതര പാർട്ടിക്ക് പ്രധാനമന്ത്രിപദം നൽകാൻ കോൺഗ്രസ് തയ്യാറായേക്കുമെന്നാണ് സൂചന.