വിമാനയാത്രയ്ക്കിടെയുണ്ടായ മോശം അനുഭവത്തിനെതിരെ പ്രതികരിച്ച് ഇന്ത്യയുടെ ബാഡ്മിന്റന്‍ താരം പി.വി.സിന്ധു.

ഇന്‍ഡിഗോ 6E 608 വിമാനത്തില്‍ അനുഭവപ്പെട്ട ദുരിതം പങ്കുവെച്ച് താരം തന്നെയാണ് രംഗത്തെത്തിയത്. ഇന്‍ഡിഗോ 6E 608 വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ‘വളരെ മോശം’ അനുഭവമുണ്ടായതെന്ന് സിന്ധു ട്വിറ്ററില്‍ കുറിച്ചു.


സംഭവം വിവരിച്ച സിന്ധു, ട്വീറ്റില്‍ മോശം അനുഭവത്തിന് കാരണക്കാരമായ വിമാനത്തിലെ ഗ്രൗണ്ട് സ്റ്റാഫിന്റെ പേരും വെളിപ്പെടുത്തി. ഗ്രൗണ്ട് സ്റ്റാഫ് അജീതേഷിനെതിരായാണ് സിന്ധു പ്രതികരിച്ചത്. നവംബര്‍ നാലിന് മുംബൈയിലേക്കു പോകുമ്പോഴായിരുന്നു സംഭവം. രാവിലെ 11.45ഓടെയായിരുന്നു സിന്ധുവിന്റെ ട്വീറ്റ്.

എന്നാല്‍ രംഗം ശാന്തമാക്കാന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസ് അഷിമയോടും അജിതേഷ് മോശമായി പെരുമാറിയെന്നും സിന്ധു ട്വീറ്റില്‍ പറയുന്നു. യാത്രക്കാരോട് ഇങ്ങിനെ പെരുമാറെരുതെന്നായിരുന്നു അഷിമയുടെ ഉപദേശം. ഇതുപോലെയുള്ള ജോലിക്കാരെ നിയമിച്ച് ഇന്‍ഡിഗോ അവരുടെ പേര് കളയുകയാണെന്നും സിന്ധു ട്വീറ്റില്‍ വ്യക്തമാക്കി.

ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അഷിമ തന്നെ വ്യക്തമാക്കുമെന്നും സിന്ധു പിന്നീട് ട്വീറ്ററില്‍ കുറിച്ചു.

സിന്ധുവിന്റെ ട്വീറ്റിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി.