ജോഹന്നാസ്ബര്‍ഗ്ഗ്: ദക്ഷിണാഫ്രിക്കയുടെ കഷ്ടകാലം അവസാനിക്കുന്നില്ല. പരുക്കില്‍ തളര്‍ന്നു നില്‍ക്കുന്ന സംഘത്തിന് മറ്റൊരു ആഘാതമായി വിക്കറ്റ കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബ്രെന്‍ഡന്‍ ഡി കോക്കും ടീമിന് പുറത്തായി. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ കൈക്കുഴക്ക്് പരുക്കേറ്റ ഡി കോക്കിന് പരമ്പരയിലെ ഒരു മല്‍സരത്തിലും ഇനി പങ്കെടുക്കാനാവില്ല. നാലാഴ്ച്ചത്തെ വിശ്രമമാണ് അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇന്ത്യക്കെതിരായ ഏകദിന പരമ്പര ആരംഭിച്ചതിന് ശേഷം പരുക്കില്‍ ടീമിന് പുറത്താവുന്ന മൂന്നാമത്തെ സീനിയര്‍ താരമാണ് ഡി കോക്ക്. പരമ്പര ആരംഭിക്കുന്നതിന് മുമ്പ് തന്നെ സീനിയര്‍ ബാറ്റ്‌സ്മാന്‍ എബി ഡി വില്ലിയേഴ്‌സിന്റെ സവനം ടീമിന് നഷ്ടമായിരുന്നു. ആദ്യ മല്‍സരത്തില്‍ സെഞ്ച്വറി സ്വന്തമാക്കിയ ഡൂപ്ലസിയുടെ സേവനം രണ്ടാം മല്‍സരം മുതല്‍ ഇല്ലാതായി. രണ്ടാം മല്‍സരത്തില്‍ സാമാന്യം ഭേദപ്പെട്ട് കളിച്ച ഡി കോക്കും പുറത്തായതോടെ വലിയ പ്രതിസന്ധി മുഖത്താണ് ആതിഥേയര്‍. ഡി കോക്കിന്റെ പരുക്ക് മൂലം വിക്കറ്റ് കീപ്പറെ മാത്രമല്ല ടീമിന് നഷ്ടമാവുന്നത്-ഓപ്പണിംഗ് ബാറ്റ്‌സ്മാനെ കൂടിയാണ്. ടീമിലെ റിസര്‍വ് വിക്കറ്റ് കീപ്പറായ ഹെന്‍ട്രിക് ക്ലാസന്‍ ഇത് വരെ ഏകദിനങ്ങള്‍ കളിച്ചിട്ടില്ല. കേപ്ടൗണിലെ മൂന്നാം ഏകദിനത്തില്‍ അദ്ദേഹത്തിന് അവസരം ലഭിക്കുമ്പോള്‍ പുതിയ ഓപ്പണിംഗ് ബാറ്റ്‌സ്മാനെ കോച്ച് ഓട്ടീസ് ഗിബ്‌സണ്‍ കണ്ടെത്തേണ്ടി വരും.
ഇടം കൈയ്യന്‍ ബാറ്റ്‌സ്മാനായ ഡി കോക്കിന് ഞായറാഴ്ച്ചത്തെ രണ്ടാം ഏകദിനത്തിനിടെ കൈക്കുഴയില്‍ പന്ത് തട്ടിയിരുന്നു. കലശലായ വേദന കാരണം പരിശോധിച്ചപ്പോഴാണ് നീര് വന്നത് കണ്ടതെന്ന് ടീം മാനേജര്‍ മുഹമ്മദ് മുസാജി പറഞ്ഞു. അടുത്ത മാസം ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ കളിക്കാന്‍ ഡി കോക്കിന് കഴിയുമെന്നും മാനേജര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ആറ് മല്‍സര പരമ്പരയില്‍ ഇന്ത്യ 2-0 ത്തിന് മുന്നിട്ട് നില്‍ക്കുകയാണ്. മൂന്നാം മല്‍സരം നാളെ കേപ്ടൗണില്‍ നടക്കും.
നാളെയിലെ മല്‍സരത്തില്‍ ശക്തമായി തിരിച്ചുവരുമെന്നാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഐദന്‍ മാര്‍ക്ക്‌റാം ഇന്നലെ വ്യക്തമാക്കിയത്.