കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ തള്ളി സൗഗത റോയ് എംപി. മരിക്കേണ്ടി വന്നാലും ബിജെപിയിലേക്കില്ലെന്നും താന്‍ ബിജെപിയില്‍ ചേരുമെന്ന് പറഞ്ഞ ബിജെപി എംപി അര്‍ജുന്‍ സിങ് നിരവധി ധനകാര്യ തട്ടിപ്പുകളില്‍ ഉള്‍പ്പെട്ട ബാഹുബലിയാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയെ അര്‍ഹിക്കുന്ന അവജ്ഞതയോടെ തള്ളുന്നതായും സൗഗത റോയ് പറഞ്ഞു.

അര്‍ജുന്‍ സിങ്ങിന് എന്തും പറയാം. പറയുന്നത് മുഴുവന്‍ കള്ളമായിരിക്കും. താന്‍ ബിജെപിയില്‍ ചേരാന്‍ ക്യൂ നില്‍ക്കുകയാണെന്നും അദ്ദേഹത്തിന് അതുകൊണ്ട് തന്നെ പറയാമെന്നും സൗഗത റോയ് പരിഹസിച്ചു. നിലവില്‍ ടിഎംസി എംപിയാണ് സൗഗത റോയ്.

നേരത്തെ സൗഗത റോയ് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍ ഒരുങ്ങുകയാണെന്ന് ബിജെപി എംപി അര്‍ജുന്‍ സിങ് പറഞ്ഞിരുന്നു. സൗഗതക്കൊപ്പം മറ്റു നാല് തൃണമൂല്‍ എംപിമാരും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്ന് അര്‍ജുന്‍ സിങ് അവകാശപ്പെട്ടിരുന്നു.