മഡ്രിഡ്: കാറ്റലോണിയയെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലേക്ക് നയിച്ചത് പതിറ്റാണ്ടുകളായുള്ള പോരാട്ടം. സ്‌പെയിനില്‍ നിന്നും അനുഭവിച്ച അവജ്ഞയും വിദ്വേഷവും സാമ്പത്തിക മാന്ദ്യവുമാണ് കാറ്റലോണിയയെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്. മഡ്രിഡ് സര്‍ക്കാരിന്റെ അഴിമതിയും പിടിപ്പുകേടുമാണ് കാറ്റലോണിയന്‍ സ്വാതന്ത്രത്തിന് വളവും വെള്ളവുമായത്. രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഒരു വിഭാഗം ആളിക്കത്തിച്ചു. ഭാഷയെയും സംസ്‌കാരത്തെയും ഇല്ലാതാക്കാന്‍ ശ്രമിച്ചതും കാറ്റലോണിയന്‍ വികാരത്തിന് ആവേശം പകരുകയായിരുന്നു. പതിറ്റാണ്ടുകളുടെ പഴക്കമുള്ള കാറ്റലോണിയന്‍ രാജ്യവാദം മറ്റൊരു വഴിത്തിരുവിലെത്തിയിരിക്കുന്നു.

സ്‌പെയിനിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനമാണ് കാറ്റലോണിയ . 17 പ്രവിശ്യകളും ബാഴ്‌സലോണ ഉള്‍പ്പെടെ രണ്ട് നഗരങ്ങളുമുള്‍പ്പെട്ട കാറ്റലോണിയ സ്വതന്ത്രഭരണ പ്രദേശമാണ്. ഒരിക്കല്‍ സ്വതന്ത്ര രാജ്യമാകുന്നതിന്റെ വക്കോളമെത്തിയിരുന്നു. എന്നാല്‍, ആഭ്യന്തരയുദ്ധങ്ങള്‍ ആ നീക്കത്തെ ഇല്ലാതാക്കി. സ്പാനിഷ് സമ്പദ് വ്യവസ്ഥയ്ക്ക് ഏറ്റവും അധികം സംഭാവ നല്‍കുന്ന മേഖലയാണ് കാറ്റലോണിയ. ഒരു ലക്ഷം കോടി യൂറോയാണ് പ്രതിവര്‍ഷം രാജ്യത്തിന് കാറ്റലോണിയ നല്‍കുന്നത്. പക്ഷേ മഡ്രിഡിലെ കേന്ദ്രസര്‍ക്കാര്‍ കാറ്റലോണിയയ്ക്ക് തിരികെ നല്‍കുന്നതാവട്ടെ ഏറ്റവും കുറവും. കാറ്റലോണിയയോടുള്ള മഡ്രിഡിന്റെ അവഗണനയ്ക്ക് പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. ജനറല്‍ ഫ്രാങ്കോയുടെ ഏകാധിപത്യ ഭരണകാലത്ത് കാറ്റലോണിയന്‍ വിരോധം പാരമ്യത്തിലെത്തി. കാറ്റലന്‍ ഭാഷ പോലും വിലക്കപ്പെട്ടു. കാറ്റലോണിയന്‍ ദേശീയവാദി നേതാവ് ലൂയിസ് കമ്പനീസിനെ ഫ്രാങ്കോയുടെ പട്ടാളം വധിച്ചു. 1982ല്‍ സ്‌പെയിനില്‍ ജനാധിപത്യം തിരികെ വന്നതോടെ കാറ്റലോണിയന്‍ ഭാഷയ്ക്കും സംസ്‌കാരത്തിനും അംഗീകാരം ലഭിച്ചു. സ്‌പെയിനിന് കീഴിലുള്ള പ്രത്യേക പ്രവിശ്യയായി കാറ്റലോണിയ മാറി. എന്നാല്‍, സ്വതന്ത്രപദവി 2006ല്‍ മാഡ്രിഡ് കോടതി റദ്ദാക്കിയതോടെ കാറ്റലന്‍ വികാരം വീണ്ടും ആളിക്കത്തി.

സ്‌പെയിന്‍ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് കാറ്റലോണിയയിലും അലയടിച്ചു. ടൂറിസം അടക്കം ഒട്ടേറെ മേഖലയില്‍ വന്‍ സാമ്പത്തിക നേട്ടം കൊയ്തിട്ടും കാറ്റലോണിയ ഞെരുക്കത്തിലായി. സ്‌പെയിന്‍ സമ്പദ്ഘടനയുടെ നെടുംതൂണാണ് കാറ്റലോണിയ. സ്‌പെയിനിന്റെ കയറ്റുമതിയില്‍ 25.6 ശതമാനവും നടക്കുന്നത് കാറ്റലോണിയയില്‍ നിന്നാണ്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 19 ശതമാനവും ഇവിടെനിന്നാണ്. വിദേശനിക്ഷേപത്തിന്റെ 20.7 ശതമാനവും കാറ്റലോണിയയിലാണ്. കാറ്റലോണിയന്‍ സമ്പാദ്യം മഡ്രിഡ് കൈവശപ്പെടുത്തുന്നു എന്ന ആരോപണം ശക്തമായി. ഇതോടെ സ്വാതന്ത്രവാദവുമായി കാറ്റലോണിയ വീണ്ടും രംഗത്തെത്തി. കാറ്റലോണിയന്‍ നീക്കത്തെ ചെറുക്കുമെന്നും സ്‌പെയിനിന്റെ അവിഭാജ്യഘടകമാണെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ ഏറ്റമുട്ടല്‍ ശക്തമായി. 2014ല്‍ ഹിതപരിശോധന നടത്തിയെങ്കിലും പരാജയപ്പെട്ടു. അന്ന് കോടതി ഉത്തരവ് മറികടന്ന് ഹിതപരിശോധന നടത്തിയതിന് കാറ്റലോണിയ പ്രസിഡന്റ് ആര്‍തര്‍ മാസിനെ കേന്ദ്രം വഞ്ചനാകുറ്റം ചുമത്തി ശിക്ഷിച്ചു. പിഴയും ഈടാക്കി. ഇതെല്ലാം കാറ്റലോണിയന്‍ സ്വാതന്ത്രപ്രഖ്യാപനത്തിന് ആക്കം കൂട്ടി.
പ്രഖ്യാപനത്തെ തള്ളി സ്‌പെയിന്‍

സ്വാതന്ത്ര പ്രഖ്യാപനം നടത്തിയ കാറ്റലോണിയന്‍ പാര്‍ലമെന്റ് സ്പാനിഷ് സര്‍ക്കാര്‍ പിരിച്ചു വിട്ടു. പുറമെ ഇടക്കാല തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു.സ്‌പെയിനില്‍ നിന്നും കാറ്റലോണിയ സ്വാതന്ത്രം പ്രഖ്യാപിച്ചതോടെ സ്‌പെയിന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലായി. സ്വാതന്ത്രപ്രഖ്യാപനത്തിന് നിയമസാധുതയില്ലെന്നും ഡിസംബര്‍ 21ന് കാറ്റലോണിയയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുമെന്നും സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റജോയ് വ്യക്തമാക്കി. കഴിഞ്ഞ മാസം നടന്ന ഹിതപരിശോധനയില്‍ 90 ശതമാനം ആളുകളും കാറ്റലോണിയയുടെ സ്വാതന്ത്രത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. ഇത് സ്‌പെയിനിലെ ഭരണഘടനാ കോടതി റദ്ദാക്കി. തുടര്‍ന്ന് കോടതിയുടെ എതിര്‍പ്പ് വകവയ്ക്കാതെ കാറ്റലോണിയന്‍ പ്രാദേശിക സര്‍ക്കാര്‍ പാര്‍ലമെന്റ് വിളിച്ചു ചേര്‍ക്കുകയും സ്വാതന്ത്രപ്രഖ്യാപനം സംബന്ധിച്ച് വോട്ടെടുപ്പും നടത്തി. 10-ന് എതിരെ 80 വോട്ടുകള്‍ക്ക് പ്രമേയം പാസാക്കുകയും കാറ്റലോണിയ സ്വതന്ത്രമായതായി പാര്‍ലമെന്റ് പ്രഖ്യാപിക്കുകയുമായിരുന്നു.
കാറ്റലോണിയന്‍ സ്വാതന്ത്രപ്രഖ്യാപനത്തെ എതിര്‍ത്തും അനുകൂലിച്ചും ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തി. സ്‌പെയിന്‍ മികച്ച പങ്കാളിയാണെന്നും കാറ്റലോണിയ സ്‌പെയിനിന്റെ ഒഴിച്ചു കൂട്ടാനാവാത്ത ഭാഗമാണെന്നും യുഎസ് വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയന് മാറ്റങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും സ്‌പെയിന്‍ ഇപ്പോഴും യൂണിയന്റെ ഭാഗമാണെന്നും യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ഡസ്‌ക് വ്യക്തമാക്കി. സമാധാനപരമായി പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.

സ്‌പെയിനിനെ പിന്തുണയ്ക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി. സ്‌പെയിനില്‍ നിയമങ്ങളുണ്ട്. നിയമസംഹിതയെ മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും മാക്രോണ്‍ അറിയിച്ചു. കാറ്റലോണിയന്‍ സ്വാതന്ത്രപ്രഖ്യാപനത്തെ തള്ളികളയുന്നതായി ജര്‍മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍. ജര്‍മന്‍ സര്‍ക്കാര്‍ ഇത്തരത്തിലൊരു നീക്കത്തെ അംഗീകരിക്കുന്നില്ല. കാറ്റലോണിയയുടെ സ്വാതന്ത്ര പ്രഖ്യാപനത്തിന്റെ ഭാഗമായി പൊലീസ് മേധാവിയെ സ്പാനിഷ് സര്‍ക്കാര്‍ പുറത്താക്കി. വിഘടന വാദികള്‍ക്ക് പിന്തുണ നല്‍കിയെന്നാരോപിച്ചാണ് കാറ്റലോണിയന്‍ പൊലീസ് മേധാവി ജോസഫ് ലൂയിസ് ട്രാപെരോയെ പുറത്താക്കിയതെന്ന് സ്പാനിഷ് വക്താക്കള്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളായി കാറ്റലോണിയയില്‍ നടന്നു വരുന്ന സംഭവ വികാസങ്ങളില്‍ പൊലീസ് വേണ്ടവിധം ഇടപെട്ടില്ല. കാറ്റലോണിയന്‍ സര്‍ക്കാരിനെയും മഡ്രിഡ് സര്‍ക്കാര്‍ പിരിച്ചുവിട്ടിട്ടുണ്ട്.