ചെന്നൈ: തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ പി ധനപാലിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവും ഡി.എം.കെ വര്‍ക്കിങ് പ്രസിഡണ്ടുമായ എം.കെ സ്റ്റാലിന്‍. സെക്രട്ടറിയേറ്റിനു മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സ്പീക്കര്‍ കൈക്കൊണ്ട നടപടികള്‍ സഭയുടെ അന്തസിന് ചേര്‍ന്നതല്ല. സ്പീക്കറില്‍ സഭക്കുള്ള വിശ്വാസം ഇതോടെ നഷ്ടമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്.

അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നിയമസഭാ സെക്രട്ടറി എ.എം.പി ജമാലുദ്ദീന് കൈമാറിയതായി സ്റ്റാലിന്‍ പറഞ്ഞു. നോട്ടീസിന്റെ പകര്‍പ്പ് സ്പീക്കര്‍ക്കും നല്‍കിയിട്ടുണ്ട്. മറ്റു ചിലരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് സ്പീക്കര്‍ സഭയില്‍ പ്രവര്‍ത്തിച്ചതെന്നും സ്റ്റാലിന്‍ ആരോപിച്ചു.
രാഷ്ട്രപതിയെ കണ്ട് സംസ്ഥാനത്തെ സ്ഥിതിഗതികളും വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് അരങ്ങേറിയ സംഭവങ്ങളും ബോധ്യപ്പെടുത്തുമെന്ന് സ്റ്റാലിന്‍ ആവര്‍ത്തിച്ചു. ശനിയാഴ്ചയാണ് തമിഴ്‌നാട് നിയമസഭയില്‍ എടപ്പാടി പളനിസാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടിയത്. രഹസ്യ വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ നിരസിച്ചതിനെതുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ക്കിടെ ഡി.എം.കെ അംഗങ്ങളെ സഭയില്‍നിന്ന് ബലമായി പുറത്താക്കിയ ശേഷമാണ് സ്പീക്കര്‍ വിശ്വാസ വോട്ടെടുപ്പ് നടത്തിയത്. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും മുസ്്‌ലിംലീഗും സഭയില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. 11നെതിരെ 122 വോട്ടുകള്‍ക്കാണ് വിശ്വാസ പ്രമേയം പാസായത്. വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.
പൊതുവിതണ സംവിധാനം വഴിയുള്ള പഞ്ചസാര വിതരണം നിര്‍ത്തിയതായുള്ള വാര്‍ത്തകള്‍ സംബന്ധിച്ച ചോദ്യത്തിന്, അടുത്ത കെട്ടിടത്തിലല്ലേ മുഖ്യമന്ത്രി ഇരിക്കുന്നതെന്നും എന്തുകൊണ്ട് അദ്ദേഹത്തോട് ചോദിക്കുന്നില്ലെന്നുമായിരുന്നു സ്റ്റാലിന്റെ പ്രതികരണം. ഡി.എം.കെ നേരത്തെതന്നെ ഉന്നയിച്ച വിഷയമാണ് ഇതെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.