തിരുവനന്തപുരം: കഴിഞ്ഞ ഒന്‍പതുമാസമായി പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ തയ്യല്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി ഏപ്രില്‍ 17ന് ജില്ലാടിസ്ഥാനത്തിലും തുടര്‍ന്ന് സെക്രട്ടറിയേറ്റിനു മുന്നിലും പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് കേരളാ സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പെന്‍ഷന്‍ കുടിശിക ഉടന്‍ നല്‍കുക, തൊഴിലാളികള്‍ക്ക് പെന്‍ഷന്റെ അംശാദായം സുഗമമായി അടയ്ക്കുന്നതിനുള്ള സാഹചര്യം ഒരുക്കുക, തൊഴിലാളികളുടെ സഹകരണ ബാങ്ക് വായ്പാ തിരിച്ചടവിന് കാലാവധി നീട്ടുക, പലിശ ഇളവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
അസോസിയേഷന്റെ സംസ്ഥാന കണ്‍വെന്‍ഷന്‍ 27ന് തിരുവനന്തപുരം പട്ടം താണുപിള്ള മെമ്മോറിയല്‍ ഹാളില്‍ നടക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വി.എസ് ശിവകുമാര്‍ എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും. അസോസിയേഷെന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം 28ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ ഭാരവാഹികളായ കെ.എന്‍ ദേവരാജന്‍, എ.പി മോഹനന്‍, വട്ടിയൂര്‍ക്കാവ് രവീന്ദ്രന്‍ പങ്കെടുത്തു.