ഇന്ത്യ ഇംഗ്ലണ്ട് ഏകദിന പരമ്പര മഹാരാഷ്ട്രയിലെ പൂനെയില്‍ തന്നെ നടത്താന്‍ തീരുമാനം. പൂനെയില്‍ മത്സരം നടത്താന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അനുവാദം നല്‍കി. എന്നാല്‍ അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുക. കാണികളെ പ്രവേശിപ്പിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു.

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നേരത്തെ വേദി പൂനെയില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചിരുന്നു. ടെസ്റ്റ് പരമ്പരക്കും ട്വന്റി ട്വന്റിക്കും ശേഷം അവസാനമാണ് ഏകദിന പരമ്പര. ഇതു കഴിഞ്ഞ് ഇംഗ്ലണ്ട് ടീമംഗങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം കൂടി പരിഗണിച്ചായിരുന്നു മഹാരാഷ്ട്രയില്‍ വേദി നിശ്ചയിച്ചത്. എന്നാല്‍ ഇതിനിടെ സംസ്ഥാനത്ത് കോവിഡ് കുത്തനെ ഉയരുകയായിരുന്നു.

മാര്‍ച്ച് 23 മുതല്‍ 28 വരെ പൂനെ എംസിഎ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. അതേസമയം, ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ മുന്നിട്ടുനില്‍ക്കുകയാണ്. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ആതിഥേയര്‍ പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും വിജയിച്ചാണ് പരമ്പരയില്‍ 1-2ന് മുന്നിലെത്തിയത്. ഇനി ഒരു ടെസ്റ്റു കൂടി ബാക്കിയുണ്ട്.