കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ തീപിടുത്തം. ഒരു മുറി പൂര്‍ണമായും കത്തി നശിച്ചു. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണം എന്നാണ് വിവരം.

ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ താഴത്തെ നിലയിലെ മുറിയിലാണ് തീപിടുത്തം ഉണ്ടായത്. വീട്ടില്‍ നിന്ന് വലിയ തോതിലുള്ള തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികള്‍ ഫയര്‍ഫോഴ്‌സിനെ വിളിക്കുകയായിരുന്നു.

വലിയ രീതിയിലുള്ള തീപിടുത്തമായതിനാല്‍ വീട്ടിലുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല. ഫയര്‍ഫോഴ്‌സ് എത്തിയതിനു ശേഷമാണ് ശ്രീശാന്തിന്റെ ഭാര്യയേയും കുട്ടികളേയും പുറത്തെത്തിച്ചത്. തൃക്കാക്കര, ഗാന്ധി നഗര്‍ സ്‌റ്റേഷനുകളിലെ ഫയര്‍ഫോഴ്‌സാണ് തീ കെടുത്തിയത്.