ഗാലെ: ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് സമ്പൂര്‍ണ ആധിപത്യം. ആദ്യ ഇന്നിങ്‌സില്‍ 309 റണ്‍സിന്റെ ലീഡുമായി എതിരാളികളെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ മൂന്നു വിക്കറ്റിന് 189 റണ്‍സ് എന്ന നിലയിലാണ്.
ഇതോടെ ഏഴു വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യക്ക് 498 റണ്‍സിന്റെ ലീഡായി. സ്റ്റമ്പെടുക്കുമ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ രണ്ടക്കം കാണാത്ത ഏക ഇന്ത്യന്‍ ബാറ്റ്‌സ്മാനായ ക്യാപ്റ്റന്‍ വിരാട് കോലി 76 റണ്‍സുമായി ക്രീസിലുണ്ട്. മത്സരത്തിനിടെ വിദേശത്ത് ക്യാപ്റ്റനെന്ന നിലയില്‍ ആയിരം റണ്‍സും കോലി പൂര്‍ത്തിയാക്കി. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കു വേണ്ടി അഭിനവ് മുകുന്ദ് 81 റണ്‍സെടുത്തു.
116 പന്തില്‍ എട്ട് ബൗണ്ടറികളുടെ സഹായത്തോടെയായിരുന്നു മുകുന്ദിന്റെ ഇന്നിങ്‌സ്. ആദ്യ ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റേയും (14), പൂജാരയുടേയും (15) വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായ ഇന്ത്യക്ക് മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റനും അഭിനവ് മുകുന്ദും നേടിയ 133 റണ്‍സിന്റെ കൂട്ടുകെട്ടാണ് മികച്ച സ്‌കോറിലെത്താന്‍ സഹായിച്ചത്. പൂജാര പുറത്തായതിനു പിന്നാലെ എത്തിയ മഴയെ തുടര്‍ന്ന് ഒരു മണിക്കൂര്‍ 24 മിനിറ്റ് കളി തടസ്സപ്പെട്ടു. നേരത്തെ അഞ്ചിന് 154 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ലങ്കക്ക് ഇന്ത്യന്‍ ബൗളിങ്ങിനെതിരെ ചെറുത്തുനില്‍ക്കാനായില്ല. ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയര്‍ 291 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 600 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ മൂര്‍ച്ചയേറിയ ബൗളിങ്ങിന് മുന്നില്‍ ലങ്കന്‍നിരയില്‍ പിടിച്ചുനില്‍ക്കാനായത് ഉപുല്‍ തരംഗ, ദില്‍റുവന്‍ പെരേര, എയ്ഞ്ചലോ മാത്യൂസ് എന്നിവര്‍ക്ക് മാത്രമാണ്.
ccവാലറ്റക്കാര്‍ക്കൊപ്പം ഉജ്വലമായി ചെറുത്തുനിന്ന് 132 പന്തില്‍ നിന്ന് 92 റണ്‍സ് നേടിയ പെരേരയാണ് ടോപ് സ്‌കോറര്‍. എയ്ഞ്ചലോ മാത്യൂസ് 130 പന്തില്‍ നിന്ന് 83 ഉം, ഉപുല്‍ തരംഗ 93 പന്തില്‍ നിന്ന് 64 ഉം റണ്‍സെടുത്തു. ഉച്ചഭക്ഷണത്തിന് 77 ഓവറില്‍ എട്ട് വിക്കറ്റിന് 289 റണ്‍സ് എന്ന നിലയിലായിരുന്നു ശ്രീലങ്ക. ഉച്ചയ്ക്കുശേഷമുള്ള രണ്ടാം ഓവറില്‍ തന്നെ ശേഷിക്കുന്ന രണ്ട് വിക്കറ്റ് കൂടി നഷ്ടമായി.
ഓപ്പണര്‍ കരുണരത്‌നെ (2), ഗുണതിലക (16), മെന്‍ഡിസ് (0), ഡിക്ക്‌വെല്ല (8), ക്യാപ്റ്റന്‍ ഹെരാത്ത് (9), നുവാന്‍ പ്രദീപ് (10), കുമാര (2) എന്നിവര്‍ക്കൊന്നും രവീന്ദ്ര ജഡേജയും ഷമിയും നയിച്ച ഇന്ത്യന്‍ ബൗളിങ്ങിനെ ചെറുക്കാനായില്ല. 22.3 ഓവറില്‍ 67 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് വിക്കറ്റ്‌വേട്ടയില്‍ ഒന്നാമന്‍. മുഹമ്മദ് ഷമി 12 ഓവറില്‍ 45 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ്, അശ്വിന്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.