താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് സ്ഥലം മാറ്റപ്പെട്ട അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ എച്ച്എംസി അംഗങ്ങള്‍ അഴിമതി നടത്തിയെന്ന ആരോപണത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണം ഉണ്ടായാല്‍ തെളിവ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആശുപത്രി നന്നാക്കിയതിന് ശിക്ഷാനടപടികള്‍ ഏറ്റുവാങ്ങാന്‍ തയാറാണെന്നും ആരോഗ്യമന്ത്രി സന്ദര്‍ശിച്ച സമയം തന്നെ മാറ്റി നിര്‍ത്തിയതില്‍ വേദനയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇദ്ദേഹത്തെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയത് സര്‍ക്കാറിനെതിരേ വിമര്‍ശനം ഉന്നയിച്ചതിനായിരുന്നെങ്കിലും  ഭരണ സൗകര്യത്തെ തുടര്‍ന്നാണ് സ്ഥലം മാറ്റം എന്നായിരുന്നു ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം.

ആരോഗ്യ മന്ത്രി വീണാജോര്‍ജിന്റെ സന്ദര്‍ശനത്തിന് പിന്നാലെ അട്ടപ്പാടിയെ സര്‍ക്കാര്‍ പരിഗണിക്കുന്നത് ശിശുമരണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണെന്ന് പ്രഭുദാസ് ആരോപിച്ചിരുന്നു. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയിലെ ചില മെമ്പര്‍മാര്‍ ബില്ലുകള്‍ മാറാന്‍ കൈക്കൂലി ആവശ്യപ്പെടാറുണ്ടെന്നും ഇത് തടയാന്‍ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് അടിസ്ഥാനമെന്നും പ്രഭുദാസ് പിന്നാലെ വ്യക്തമാക്കിയിരുന്നു.

പ്രതിപക്ഷ നേതാവ് എത്തുന്നതിന് മുമ്പ് അട്ടപാടിയിലെത്താന്‍ മാത്രമാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ശ്രമമെന്നും ഡോ. പ്രഭുദാസ് ആരോപിച്ചിരുന്നു.