X

വീട്ടുകാരെ മയക്കി മോഷണം; പ്രതി കോടതിയില്‍ കുഴഞ്ഞു വീണു മരിച്ചു

വര്‍ക്കലയില്‍ വീട്ടുകാരെ മയക്കിക്കിടത്തി മോഷണം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി കോടതിയില്‍ കുഴഞ്ഞുവീണു മരിച്ചു. നേപ്പാള്‍ സ്വദേശി രാംകുമാര്‍ ആണ് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. വൈകുന്നേരം 4 മണിയോടെ വര്‍ക്കല കോടതിയില്‍ ഹാജരാക്കുമ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യം ഉണ്ടായ പ്രതി കുഴഞ്ഞുവീണത്. ഉടന്‍തന്നെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

നേപ്പാള്‍ സ്വദേശി ആയ വീട്ടുവേലക്കാരിയുടെ സഹായത്തോടെ വീട്ടുകാരെ മയക്കി കിടത്തി മോഷണം നടത്തിയ കേസില്‍ രാം കുമാറും ജനക് ഷായും ബുധനാഴ്ചയാണ് അറസ്റ്റിലായത്. വീടിനോട് ചേര്‍ന്നുള്ള കമ്പിവേലിയില്‍ കുരുങ്ങി അവശനായ നിലയില്‍ നാട്ടുകാരാണ് രാം കുമാറിനെ അയിരൂര്‍ പൊലീസിന് കൈമാറിയത്. വൈദ്യപരിശോധനയടക്കം നടത്തിയിരുന്നെങ്കിലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ലെന്നാണ് വിവരം.

ചൊവാഴ്ച രാത്രിയാണ് വീട്ടുജോലിക്കാരിയുടെ സഹായത്തോടെ രാംകുമാറും സംഘവും മോഷണം നടത്തിയത്. ഹരിഹരപുരം എല്‍.പി. സ്‌കൂളിന് സമീപത്തെ വീട്ടില്‍ 74കാരിയായ ശ്രീദേവിയമ്മയും മരുമകള്‍ ദീപയും ഹോം നഴ്‌സായ സിന്ധുവുമായിരുന്നു താമസിച്ചിരുന്നത്. ഇവരെ 3 പേരേയും മയക്കിക്കിടത്തി സ്വര്‍ണ്ണവും പണവും അപഹരിക്കുകയായിരുന്നു. 15 ദിവസമായി നേപ്പാള്‍ സ്വദേശിയായ യുവതി ഇവിടെ ജോലിക്കുവരുന്നുണ്ടായിരുന്നു.

ചൊവ്വാഴ്ച രാത്രി വീട്ടുടമയായ ശ്രീദേവിയമ്മമ്മയുടെ മകന്‍ ഭാര്യ ദീപയെ നിരന്തരം ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ ലഭ്യമാകത്തതിനെ തുടര്‍ന്ന് അയല്‍വീട്ടില്‍ വിളിച്ച് കാര്യമറിയിക്കുകയായിരുന്നു. അടുത്ത വീട്ടില്‍ താമസിക്കുന്ന ബന്ധു എത്തിയപ്പോള്‍ വീട്ടില്‍നിന്ന് 4 പേര്‍ ഇറങ്ങി ഓടുന്നതാണ് കണ്ടത്. ബഹളം വെച്ച് നാട്ടുകാരെ കൂട്ടി വീട് തുറന്നു നോക്കിയപ്പോള്‍ ശ്രീദേവിയമ്മയേയും ദീപയേയും സിന്ധുവിനേയും ബോധരഹിതരായ നിലയില്‍ കണ്ടെത്തുകയായിരുന്നു.

പിന്നാലെ നടത്തിയ പരിശോധനയില്‍ വീടിനോട് ചേര്‍ന്നുള്ള കമ്പിവേലിയില്‍ കുരുങ്ങിയ നിലയില്‍ രാംകുമാറിനെ കണ്ടത്. ഇയാളെ പരിശോധിച്ചപ്പോഴാണ് മോഷ്ടാക്കളില്‍ ഒരാളാണെന്ന് മനസിലായത്. ഇയാളുടെ ബാഗില്‍ സ്വര്‍ണ്ണവും പണവുമുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒളിച്ചിരുന്ന മറ്റൊരാളെക്കൂടെ കണ്ടെത്തുകയായിരുന്നു. പിടികൂടിയ രണ്ടുപേരേയും അയിരൂര്‍ പോലീസില്‍ ഏല്‍പ്പിച്ചു.

വീട്ടുജോലിക്ക് നിന്ന് യുവതിയടക്കം 3 പേരെ ഇനി പിടികൂടാനുണ്ട്. നാലംഗ സംഘം കറങ്ങി നടക്കുന്ന സി.സി.ടി.വി. ദൃശ്യം ലഭിച്ചിട്ടുണ്ട്. ആസൂത്രിതമായ മോഷണമാണെന്നാണ് പൊലീസ് നിഗമനം. മോഷണം ലക്ഷ്യമിട്ടാണ് യുവതി വീട്ടുജോലി സമ്പാദിച്ചതെന്നാണ് അനുമാനം. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമത്തിനിരയായ മൂന്നുപേരേയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

webdesk13: