ഉദയംപേരൂര്‍: മോഷ്ടിച്ച ബൈക്കുമായി മോഷ്ടാവ് ചെന്നു പെട്ടത് ബൈക്ക് ഉടമയുടെ പിന്നില്‍. കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായി കറങ്ങിയ ചങ്ങനാശേരി പെരുന്തില സ്വദേശി ജോജി (32) ബൈക്കിന്റെ ഉടമ ബിജു അനി സേവ്യര്‍ ഓടിച്ചിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. നടക്കാവ് കവലയ്ക്കു സമീപം ഇന്നലെ വൈകിട്ട് 6നായിരുന്നു സംഭവം. കോട്ടയത്തു നിന്ന് എറണാകുളത്തേക്ക് വരുന്നതിനിടെ വഴിയരികില്‍ വച്ച് കൈ വയ്യാത്ത ഒരാള്‍ ആവശ്യപ്പെട്ടത് അനുസരിച്ചു നടക്കാവിന് സമീപം ബിജു ബസ് നിര്‍ത്തി. അല്‍പനേരം കഴിഞ്ഞു ബസിന്റെ പിന്നില്‍ ഒരു ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു .

ബൈക്ക് ഓടിച്ചിരുന്ന ആളെ എണീപ്പിച്ചു ബൈക്ക് നോക്കിയപ്പോഴാണ് മോഷണം പോയ തന്റെ ബൈക്ക് തന്നെയാണ് ഇതെന്ന് കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാരോട് കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്നു പൊലീസിനെ വിവരം അറിയിച്ചതോടെ ഉദയംപേരൂര്‍ പൊലീസ് സ്ഥലത്തെത്തി ബൈക്കും ബൈക്കിലെത്തിയ ജോജിയേയും കസ്റ്റഡിയിലെടുത്തു. പരുക്ക് ഉള്ളതിനാല്‍ മോഷ്ടാവിന് ഓടാന്‍ കഴിഞ്ഞില്ല. ഇന്നലെ രാവിലെ കോട്ടയത്തെ ഡിപ്പോയില്‍ വച്ചിരുന്ന ബൈക്കാണ് ഉച്ചയ്ക്കുള്ള ട്രിപ്പ് കഴിഞ്ഞു വന്നു നോക്കുമ്പോള്‍ മോഷണം പോയത്.

ഉടന്‍ തന്നെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ ശേഷം അടുത്ത ട്രിപ്പ് എടുത്ത് എറണാകുളത്തേക്ക് പോകുമ്പോള്‍ ആയിരുന്നു മോഷ്ടാവ് ബൈക്കുമായി ബസിന്റെ പിന്നില്‍ വന്നിടിച്ചത്. പ്രതിയെയും ബൈക്കും കോട്ടയം വെസ്റ്റ് പൊലീസിന് കൈമാറി. ഇയാളുടെ കയ്യില്‍ നിന്ന് 4 ഫോണും പൊലീസിന് ലഭിച്ചിട്ടുണ്ട്. 2 ഫോണ്‍ തലയോലപ്പറമ്പില്‍ നിന്നു മോഷണം പോയതാണെന്നും സൂചനയുണ്ട്.