കോഴിക്കോട്: വ്യാജ എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ച് വിവിധ അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം. അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുല്‍ റസാക്കിനാണ് അന്വേഷണച്ചുമതല.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വെള്ളിമാട്കുന്ന് ശാഖയിലെ പണം പിന്‍വലിച്ച മൂന്ന് എ.ടി.എം കാര്‍ഡ് ഉടമകളുടെ നാല് എ.ടി.എം കാര്‍ഡുകളില്‍ നിന്നായി കോയമ്പത്തൂര്‍ എസ്.ബി.ഐയില്‍ നിന്ന് 30,233 രൂപ തട്ടിയെടുക്കുകയാണുണ്ടായത്. പ്രകീത്, ഷമീന, സിനി എന്നിവരുടെ അക്കൗണ്ടുകളില്‍ നിന്നാണ് പണം നഷ്ടമായത്. പരാതിയുടെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാജമായി നിര്‍മിച്ച കാര്‍ഡ് ഉപയോഗിച്ച് കോയമ്പത്തൂരിലെ വിവിധ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയതായി വ്യക്തമായിരുന്നു. വെള്ളിമാട്കുന്നിലെ എ.ടി.എമ്മില്‍ നിന്ന് അക്കൗണ്ട് ഉടമകളുടെ പിന്‍നമ്പറും മറ്റ് വിവരങ്ങളും ചോര്‍ത്തിയെടുത്താണ് പണം അപഹരിച്ചത്. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. കഴിഞ്ഞ ദിവസം കസബ സ്റ്റേഷന്‍ പരിധിയിലെ മാത്തറ സ്വദേശി അശോകന്റെ ഭാര്യ കെ. ഷീബയുടെ അക്കൗണ്ടില്‍ നിന്ന്് 17,400 രൂപ നഷ്ടപ്പെട്ടിരുന്നു. യൂക്കോ ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ചതായി എസ്.എം.എസ് മൊബൈലിലേക്ക് എത്തുകയായിരുന്നു.

വ്യാജ കാര്‍ഡ് നിര്‍മിച്ച് യഥാര്‍ത്ഥ കാര്‍ഡിലെ വിവരങ്ങള്‍ അതിലേക്ക് അപ്്‌ലോഡ് ചെയ്താണ് തട്ടിപ്പ് നടത്തിയത്. വെള്ളിമാട്കുന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എ.ടി.എം കൗണ്ടറില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട രണ്ടു പേരുടെ ദൃശ്യങ്ങള്‍ എ.ടി.എമ്മിലെ സി.സി ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ചിത്രങ്ങള്‍ ഫോറന്‍സിക് വിഭാഗം പരിശോധിച്ചു. ഫോറന്‍സിക് സയന്റിഫിക് അസിസ്റ്റന്റ് വിനീത് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
പന്തീരാങ്കാവ് യൂക്കോ ബാങ്കില്‍ നിന്ന് പണം നഷ്ടപ്പെട്ട സംഭവത്തില്‍ നല്ലളം പൊലീസും പള്ളിക്കണ്ടിയിലെ എ.ടി.എമ്മില്‍ നിന്ന് പണം നഷ്ടമായ കേസില്‍ ചെമ്മങ്ങാട് പൊലീസും അന്വേഷിക്കുന്നുണ്ട്.

മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ സിറ്റിയിലെ എ ടി എം കാര്‍ഡ് ഉടമകള്‍, പ്രതേകിച്ചും ജനുവരി ഒന്നുമുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മേല്‍ മൂന്നു എ.ടി.എം ഉപയോഗിച്ചവര്‍, അവരവരുടെ പിന്‍ നമ്പര്‍ മാറ്റി പണം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ പോലീസ് മേധാവി കാളിരാജ് മഹേഷ്‌കുമാര്‍ അറിയിച്ചു. ആരുടെയെങ്കിലും അക്കൗണ്ടില്‍ നിന്നും എ.ടി.എം മുഖേന പണം നഷ്ടമായിട്ടുണ്ടെങ്കില്‍ വിവരം പൊലീസിനെ അറിയിക്കണം.
‘ആന്റി സ്‌കിമ്മിങ് ഫെസിലിറ്റി’ഇല്ലാത്ത എ.ടി.എമ്മുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും മേല്‍ പണം നഷ്ടപെട്ട എ.ടി.എമ്മുകളുടെ ഓപ്പറേഷന്‍ നിര്‍ത്തി വെക്കുന്നതിനും ഇന്നലെ ചേര്‍ന്ന ബാങ്ക് മാനേജര്‍മാരുടെ യോഗത്തില്‍ കമ്മീഷണര്‍ നിര്‍ദേശിച്ചു.