തിരുവനന്തപുരം: കവയിത്രി സുഗതകുമാരി കോവിഡ് ബാധിച്ചു മരിച്ചു. 86 വയസായിരുന്നു. 10.52ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കോവിഡ് ബാധിതയായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരം ശാന്തി കവാടത്തില്‍ നടക്കും.

തിങ്കളാഴ്ചയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ച സുഗതകുമാരിയ്ക്ക് ആശുപത്രിയിലെത്തുമ്പോള്‍ ബ്രോങ്കോ ന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസമാണ് പ്രധാന പ്രശ്‌നമായി ഉണ്ടായിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടന്‍ തീവ്രപരിചരണത്തില്‍ വെന്റിലേറ്ററിലേയ്ക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസന പ്രക്രിയ നടന്നിരുന്നത്.

കവയിത്രി, പരിസ്ഥിതി, സാമൂഹ്യ പ്രവര്‍ത്തക എന്നീ രംഗത്തെല്ലാം നിറസാന്നിധ്യമായിരുന്നു. സൈലന്റ് വാലി പ്രക്ഷോഭം മുതല്‍ ഏറ്റവും ഒടുവില്‍ സൈബര്‍ ഇടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ വരെ സുഗതകുമാരി ശക്തമായി ശബ്ദമുയര്‍ത്തി. 1996ല്‍ സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ സ്ഥാനവും വഹിച്ചു.

1968ലും 1978ലും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, 2006ല്‍ പത്മശ്രീ, 2009ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം, സരസ്വതി സമ്മാന്‍ കേരള, ആശാന്‍ പ്രൈസ്, ഓടക്കുഴല്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, പ്രകൃതി സംരക്ഷണ യത്‌നങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ് എന്നിങ്ങനെ എണ്ണമറ്റ അംഗീകാരങ്ങള്‍ ലഭിച്ചു.