ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭര്‍ത്താവിനെ കുത്തിക്കൊന്ന ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്.. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതിയുടെ ഭര്‍ത്താവ് ചിരാഗ് ശര്‍മ (37) മരിച്ചു. സ്ത്രീയെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി ഛത്തല്‍പൂരിലാണ് സംഭവം.

വീട്ടില്‍ എന്തോ അപകടം നടന്നിട്ടുണ്ടെന്ന് മനസിലാക്കിയ വീടിന്റെ ഉടമസ്ഥന്‍ ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. ഇതു പ്രകാരം പൊലീസ് വന്നു നടത്തിയ പരിശോധനയില്‍ വീട് അകത്തു നിന്ന് പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി.  തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തു പ്രവേശിച്ചപ്പോള്‍ രക്തം വര്‍ന്ന് കിടക്കുന്ന ദമ്പതികളെയാണ് കണ്ടത്. വീടിനകത്തെ ചുമരിലും നിലത്തും രക്തം ഉണ്ടായിരുന്നു. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഭര്‍ത്താവിനെ രക്ഷപ്പെടുത്താനായില്ല. യുവതിയുടെ നില ഗുരുതരമായി തുടരുന്നു.

ഹരിയാന യമുനനഗര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ചിരാഗ്ശര്‍മ. മധ്യപ്രദേശിലെ ഉജ്ജെയിന്‍ സ്വദേശിയാണ് ഇയാളുടെ ഭാര്യ രേണുക. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ഡല്‍ഹിയിലെ ഒരു ഇന്‍ഷുറന്‍സ് കമ്പനിയിലാണ് ഇരുവരും ജോലി ചെയ്യുന്നത്. കുട്ടികളില്ലാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ എപ്പോഴും വഴക്കുണ്ടാകുമായിരുന്നു എന്ന് സമീപവാസികള്‍ പൊലീസിനെ അറിയിച്ചു.