ആലുവ: നിരവധി തവണ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും റേഷന്‍ കാര്‍ഡ് ശരിയാവാത്തതില്‍ പ്രതിഷേധിച്ച് സപ്ലൈ ഓഫീസില്‍ ആത്മഹത്യാ ശ്രമം. എടത്തല സ്വദേശി അസീസ് അബ്ദുറഹ്മാനാണ് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

1986 മുതല്‍ റേഷന്‍ കാര്‍ഡ് ഉടമയായ അബ്ദുറഹ്മാന് കാര്‍ഡ് പുതുക്കിയപ്പോള്‍ ദാരിദ്രരേഖക്ക് മുകളിലുള്ളവര്‍ക്ക് ലഭിക്കുന്ന വെള്ള കാര്‍ഡാണ് ലഭിച്ചത്. കാര്‍ഡ് മാറ്റുന്നതിനായി 2015 മുതല്‍ അബ്ദുറഹ്മാന്‍ വിവിധ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. കഴിഞ്ഞ ദിവസം അബ്ദുറഹ്മാന്‍ കളക്ടറെ കണ്ട് പരാതി പറഞ്ഞപ്പോള്‍ കളക്ടര്‍ സപ്ലൈ ഓഫീസര്‍ക്ക് ഒരു കത്ത് നല്‍കി. ഇതുമായി ചെന്നിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യാശ്രമം.

12 മണിയോടെ സപ്ലൈ ഓഫീസിലെത്തിയ അബ്ദുറഹ്മാന്‍ കയ്യില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് ഉള്ളിലേക്ക് കയറി. ഇത് കണ്ട ജീവനക്കാര്‍ ഉടനെ ഇയാളെ പിടിച്ചു മാറ്റുകയായിരുന്നു.