പി.എ അബ്ദുല്‍ഹയ്യ്

കണ്ണൂര്‍:ഒപ്പനപ്പാട്ടിന്റെ ഇശലിനൊത്ത് കൈകൊട്ടിയാടുമ്പോള്‍ സുകന്യ യുടെ നെഞ്ച് പൊട്ടുന്നുണ്ടായിരുന്നു. എങ്കിലും ചിതയുടെ കനലെരിഞ്ഞു തീരും മുമ്പ് അവള്‍ അച്ഛനു നല്‍കിയ വാക്കു പാലിച്ചു. പുഞ്ചിരിയഭിനയിച്ചതിന്റെ വേദനയാവും. വേദിക്ക് പിറകിലിരുന്ന് അവള്‍ കരഞ്ഞു തീര്‍ത്തു. സഹപാഠികള്‍ക്ക് പോലും ആശ്വസിപ്പിക്കാനാവാത്ത വല്ലാത്ത അവസ്ഥ. ”അച്ഛന് കൊടുത്ത വാക്ക് പാലിച്ചില്ലേ… അമ്മേടെ മോള്‍ ഇനി തിരികെ പോര്”- അധ്യാപകന്റെ ഫോണില്‍ വിളിച്ച് അമ്മ പുഷ്പ പറഞ്ഞപ്പോള്‍ അവള്‍ കരച്ചില്‍ നിര്‍ത്തി. കണ്ണീരു വീണ് പരന്ന കണ്‍മഷി ഒപ്പനതുണിയുടെ കോന്തല കൊണ്ട് തുടച്ച് വേദി വിട്ടു.

വേദി ഒന്നില്‍ നടന്ന ഹയര്‍സെക്കന്ററി വിഭാഗം ഒപ്പന മത്സരത്തിലാണ് ആലപ്പുഴ മാവേലിക്കര ബിഷപ് ഹോഡ്ജസ് എച്ച്.എസ്.എസിലെ പി.എസ് സുകന്യ കാഴ്ചക്കാരുടെ കണ്ണീരായത്. ഞായറാഴ്ചയാണ് സുകന്യയുടെ അച്ഛന്‍ മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്കായിരുന്നു സംസ്‌കാരം. അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് സുകന്യ നയിക്കുന്ന ആലപ്പുഴ ജില്ലയുടെ ഒപ്പന ടീം മത്സരത്തില്‍ പങ്കെടുക്കുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സുകന്യയാണ് പങ്കെടുക്കണമെന്ന് നിര്‍ബന്ധിച്ചത്. ”ഒപ്പന അച്ഛന്റെ ആഗ്രഹമായിരുന്നു. കളി മുടക്കുന്നത് അച്ഛന്റെ ആത്മാവിന് ഇഷ്ടപ്പെടില്ലെ”ന്നു പറഞ്ഞപ്പോള്‍ അമ്മ പുഷ്പയും പോകാന്‍ സമ്മതം നല്‍കി. ഇന്നലെ വൈകുന്നേരം ആറ് മണിക്കാണ് മാവേലിക്കരയില്‍ നിന്ന് സുകന്യയും സംഘവും ട്രെയിന്‍ കയറിയത്. പതിനൊന്ന് മണിയോടെ കണ്ണൂരിലെത്തി.

നാടന്‍പാട്ടില്‍ ജില്ലാ തലത്തില്‍ സമ്മാനങ്ങള്‍ നേടിയ സുകന്യ അച്ഛന്‍ സുബാഷിന്റെ താല്‍പര്യ പ്രകാരമാണ് ഒപ്പനയില്‍ പങ്കെടുത്തത്. ”നിറഞ്ഞ സന്തോഷത്തോടെയാണ് ഒപ്പനയില്‍ പങ്കെടുക്കാന്‍ അച്ഛന്‍ സമ്മതം നല്‍കിയത്. സുഖമില്ലാതെ ആസ്പത്രിയിലേക്ക് കൊണ്ടു പോകുമ്പോഴും മത്സരത്തില്‍ വിജയിച്ചു വരണമെന്ന് അച്ഛന്‍ പറഞ്ഞിരുന്നു. അച്ഛന്റെ പിന്തുണയാണ് സംസ്ഥാന തലം വരെ ടീം എത്താന്‍ കാരണം” – സുകന്യ പറഞ്ഞു. ടി.ബി രോഗ ബാധിതനായ സുബാഷ് മാവേലിക്കരയിലെ ചുമട്ട് തൊഴിലാളിയായിരുന്നു. സുബാഷിന്റെ രണ്ടാമത്തെ മകളാണ് സുകന്യ. ഞായറാഴ്ച രാവിലെയാണ് രക്തം ഛര്‍ദ്ദിച്ച് സുബാഷിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകുന്നേരത്തോടെ മരിച്ചു. ഒപ്പനയില്‍ ലഭിച്ച എ ഗ്രേഡ് അച്ഛന് സമര്‍പ്പിച്ചാണ് കണ്ണൂരിന്റെ കണ്ണീരായി സുകന്യ മടങ്ങിയത്.
മത്സരശേഷം വേദിക്കു പിറകില്‍ വിതുമ്പുന്ന സുകന്യയെ
ടീമംഗങ്ങള്‍ ആശ്വസിപ്പിക്കുന്നു