ന്യൂഡല്‍ഹി: സല്‍മാന്‍ ഖാന്‍ നായകനായ ബോളിവുഡ് ചിത്രം സുല്‍ത്താന്റെ സംപ്രേക്ഷണാവകാശം റെക്കോര്‍ഡ് തുകയ്ക്ക് സോണി പിക്ചര്‍ നെറ്റ്‌വര്‍ക്ക്(എസ്.പി.എന്‍) സ്വന്തമാക്കിയത് തന്നെ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്ത സുല്‍ത്താന്‍ സോണിക്ക് നേടിക്കൊടുത്തത് 50 കോടിയുടെ പരസ്യവരുമാനം! ഒരു ചിത്രത്തിന് പരസ്യവരുമാനമായി ടെലിവിഷനിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിതെന്നാണ് സോണി അവകാശപ്പെടുന്നത്. അതേസമയം എത്ര രൂപക്കാണ് സുല്‍ത്താന്റെ സാറ്റലൈറ്റ് അവകാശം സോണി സ്വന്തമാക്കിയതെന്ന് വ്യക്തമാക്കുന്നില്ലെങ്കിലും

അഞ്ച് വര്‍ഷത്തേക്ക് 61 കോടിയാണ് നല്‍കിയതെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അങ്ങനെയാണെങ്കില്‍ ഒരറ്റ ഷോ കൊണ്ടാണ് സോണി 50 കോടി വരുമാനം നേടിയത്. യാഷ് രാജ് ഫിലിംസാണ് സുല്‍ത്താന്‍ നിര്‍മ്മിച്ചത്. കഴിഞ്ഞ ജുലൈ ആറിന് റിലീസായ ചിത്രം 585 കോടി ലോകമാകമാനം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സോണി മാക്‌സ്, സോണി മാക്‌സ് എച്ച്.ഡി എന്നീ രണ്ട് ചാനലുകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. 10 സെക്കന്റിന് 10 ലക്ഷമാണ് പരസ്യചാര്‍ജായി സോണി ഈടാക്കിയതെന്നാണ് വിവരം.