തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേര്‍ കുഴഞ്ഞു വീണു മരിച്ചു. തിരുവനന്തപുരം പാറശാലയില്‍ മദ്ധ്യവയസ്‌കനായ കരുണാകരന്‍(46), കണ്ണൂരില്‍ നാരായണന്‍ (67)എന്നിവരാണ് കുഴഞ്ഞുവീണ് മരിച്ചത്. കോടതി ജീവനക്കാരനായ കരുണാകരന്റെ മൃതദേഹം വയലില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.

താലൂക്ക് ആസ്പത്രിയില്‍ മൃതദേഹം എത്തിച്ചതിനെ തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ സൂര്യാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

അതേസമയം, സംസ്ഥാനത്ത് വേനല്‍ച്ചൂട് കൂടി വരികയാണ്. 23, 24 തീയതികളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് വരെ ചൂട് ഉയര്‍ന്നേക്കും. 25, 26 തീയതികളില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മൂന്ന് മുതല്‍ നാല് വരെ ഡിഗ്രി വരെയാണ് ചൂടിന്റെ കാഠിന്യമേറുക.