ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍ 17 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ഇറ്റലിയില്‍ ഉജ്ജ്വല വിജയം. ഫിഫ ലോകകപ്പ് നാല് തവണ ഉയര്‍ത്തിയ പാരമ്പര്യക്കാരായ ഇറ്റലിയില്‍ നിന്നുള്ള യൂത്ത് സംഘത്തെ രണ്ട് ഗോളിനാണ് ഇന്ത്യന്‍ യുവസംഘം പരാജയപ്പെടുത്തിയത്.

ഇന്ത്യ തന്നെ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പിന് മുന്നോടിയായി യൂറോപ്പില്‍ പര്യടനം നടത്തുന്ന ടീമിന്റെ ഏറ്റവും മികച്ച വിജയം കൂടിയാണിത്. സ്‌ട്രൈക്കര്‍മാരായ അഭിജിത് സര്‍ക്കാര്‍, രാഹുല്‍ പ്രവീണ്‍ എന്നിവരുടെ ഗോളുകളാണ് ഇന്ത്യന്‍ വിജയമൊരുക്കിയത്.
പ്രതിരോധത്തിന്റെ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇന്ത്യന്‍ മുന്‍നിരക്കാര്‍ക്ക് പലവട്ടം തടസ്സം സൃഷ്ടിച്ചെങ്കിലും മല്‍സരത്തില്‍ ഇന്ത്യന്‍ കുട്ടികള്‍ക്കായിരുന്നു വ്യക്തമായ ആധിപത്യം. എട്ടാം മിനുട്ടില്‍ തന്നെ കോമള്‍ തട്ടാലിന്റെ ഉജ്ജ്വല കിക്ക് ക്രോസ് ബാറിന് തൊട്ടുരുമ്മിയാണ് പുറത്ത് പോയത്. പതിമൂന്നാം മിനുട്ടില്‍ അനികേതിന്റെ സുന്ദരമായ നീക്കം പെനാല്‍ട്ടി ബോക്‌സ് വരെയെത്തി. പക്ഷേ ഷോട്ട് ദുര്‍ബലമായപ്പോള്‍ ഇറ്റാലിയന്‍ ഗോള്‍ക്കീപ്പര്‍ ടീമിന്റെ രക്ഷകനായി.
മുപ്പത്തിയൊന്നാം മിനുട്ടിലായിരുന്നു ഇന്ത്യയുടെ ആധിപത്ത്യത്തിന് ഗോള്‍ സാക്ഷിയായത്. കോമള്‍ തുടക്കമിട്ട നീക്കത്തില്‍ നിന്നും പന്ത് ലഭിച്ച അഭിജിത് സര്‍ക്കാര്‍ പായിച്ച ഷോട്ട് ഇറ്റാലിയന്‍ ഡിഫന്‍ഡറുടെ കാലില്‍ തട്ടി വലയില്‍ കയറി.ഇന്ത്യന്‍ ലീഡില്‍ അവസാനിച്ച ഒന്നാം പകുതിക്ക് ശേഷവും സന്ദര്‍ശക താരങ്ങളാണ് ഉജ്ജ്വലമായി കളിച്ചത്. അമ്പത്തിയൊമ്പതാം മിനുട്ടില്‍ മൂന്ന് ഡിഫന്‍ഡര്‍മാരെ മറികടന്ന അനികേത് പക്ഷേ ഗോള്‍ക്കീപ്പറെ കബളിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു.
എഴുപത്തിയഞ്ചാം മിനുട്ടില്‍ അനികേതിന്റെ തകര്‍പ്പന്‍ ക്രോസ് ഉപയോഗപ്പെടുത്താന്‍ രാഹുലിന് കഴിഞ്ഞില്ല. പക്ഷേ അഞ്ച് മിനുട്ട് കഴിഞ്ഞ് രാഹുല്‍ തന്നെ തന്റെ പിഴവുകള്‍ക്ക് പരിഹാരമിട്ടപ്പോള്‍ ഇറ്റാലിയന്‍ വലയില്‍ വീണ്ടും ഗോള്‍.