ന്യൂഡല്‍ഹി: പോക്‌സോ കേസുകളില്‍ വിവാദ വിധി പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയ്‌ക്കെതിരെ നടപടി. നിലവില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ സിംഗിള്‍ ബെഞ്ചിലെ അഡീഷണല്‍ ജഡ്ജിയായ ഇവരെ സ്ഥിരം ജഡ്ജിയാക്കാനുള്ള ശുപാര്‍ശ സുപ്രിംകോടതി കൊളീജിയം പിന്‍വലിച്ചു. ഇവര്‍ക്കെതിരെ കൂടുതല്‍ നടപടിയുണ്ടാകും.

പെണ്‍കുട്ടിയെ കയറിപിടിച്ചാലും വസ്ത്രത്തിന് പുറത്തുകൂടി സ്പര്‍ശിച്ചാല്‍ ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്ന ജഡ്ജിയുടെ നിരീക്ഷണം വലിയ വിവാദമായിരുന്നു. വിധിയ്‌ക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. പോക്‌സോ കേസില്‍ ഒരാഴ്ചക്കിടെ മൂന്ന് വ്യത്യസ്ത കേസുകളില്‍ ജസ്റ്റിസ് ഗനേഡിവാല പ്രതികളെ കുറ്റമുക്തയാക്കിയിരുന്നു.

ചീഫ്ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കൊളീജിയമാണ് ജസ്റ്റിസ് ഗനേഡിവാലയെ സ്ഥിരം ജഡ്ജിയായി ജനുവരി 20ന് കേന്ദ്രത്തിനയച്ച ശുപാര്‍ശ തിരിച്ചുവിളിച്ചത്. ജസ്റ്റിസുമാരായ എന്‍.വി രമണയും രോഹിന്‍ടണ്‍ നരിമാനും കൊളീജിയത്തില്‍ അംഗമാണ്.