ന്യൂഡല്‍ഹി: തര്‍ക്കം മൂലം അനിശ്ചിതാവസ്ഥ തുടരുന്ന സുപ്രീംകോടതിയില്‍ ജസ്റ്റിസ് ചെലമേശ്വര്‍ അവധിയില്‍ പ്രവേശിച്ചു. പനിയായതിനെത്തുടര്‍ന്നാണ് അവധിയെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. അതേസമയം, പ്രതിസന്ധി പരിഹരിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മറ്റ് ജഡ്ജിമാരുമായി ചര്‍ച്ച നടത്തിയേക്കുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. നേരത്തെ, ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച്ച നടത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ഇന്നലെ സുപ്രീംകോടതി ലോയ കേസ് പരിഗണിക്കുന്നത് ഏഴ് ദിവസത്തേക്ക് മാറ്റിവെച്ചിരുന്നു. കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര നേതൃത്വം നല്‍കുന്ന നിലവിലെ ബെഞ്ച് തന്നെയാണ് ഹരജി പരിഗണിച്ചത്.

കേസ് മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് വിടണമെന്ന ജസ്റ്റിസ് ചെലമേശ്വര്‍ അടക്കമുള്ള ജഡ്ജിമാരുടെ ആവശ്യം ചീഫ് ജസ്റ്റിസ് തള്ളുകയായിരുന്നു. അതിനിടയില്‍ സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ക്ക് രണ്ടു ദിവസത്തിനുള്ളില്‍ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എ.ജി പറഞ്ഞു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇന്ന് ചെലമേശ്വര്‍ അവധിയിലേക്ക് പോകുന്ന കാഴ്ച്ചയാണ് കണ്ടത്.