ഡല്‍ഹി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. സിബിഐ അന്വേഷണത്തിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.

ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി സുപ്രീം കോടതി തള്ളി.
ഒന്നരമണിക്കൂര്‍ സുപ്രീം കോടതിയില്‍ ഇത് സംബന്ധിച്ച വാദപ്രതിവാദമുണ്ടായി. തുടര്‍ന്നാണ് വിശദമായ വിധി പ്രസ്താവം ജസ്റ്റിസ് നാഗേശ്വര്‍ റാവുവിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് നടത്തിയത്.

നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ തന്നെ സിബിഐക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അന്വേഷണത്തിന് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം മരവിപ്പിച്ചതായി കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തു. കേസില്‍ പ്രതിപ്പട്ടികയിലുള്‍പ്പെട്ടവരുടെ ഫോണ്‍വിവരങ്ങള്‍ ശേഖരിച്ചതായും സിബിഐ കോടതിയെ അറിയിച്ചിരുന്നു.