ന്യൂഡല്‍ഹി: വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് വിദേശകാര്യ മന്ത്രി സുഷമാസ്വരാജ്. ആസ്പത്രിയില്‍ കഴിയുകയാണെങ്കിലും സഹായം അഭ്യര്‍ത്ഥിക്കുന്നവരെ വെറുതെയാക്കാറില്ല മന്ത്രി. ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ കഴിഞ്ഞ 20ദിവസമായി ചികിത്സയിലാണ് മന്ത്രി.

എയിംസിലെ ഗവേഷക ഗീതയാണ് ഇപ്പോള്‍ സഹായം അഭ്യര്‍ത്ഥിച്ച് മന്ത്രിയെ സമീപിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ പോകുന്ന ഗവേഷകക്ക് വിസ ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണുള്ളത്. ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്ത ഗവേഷകയോട് നേരിട്ടെത്താന്‍ പറയുകയായിരുന്നു സുഷമ സ്വരാജ്. എന്നാല്‍ ഗീതയുടെ ഈ ആവശ്യത്തിനെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയിരുന്നു. ആസ്പത്രിയില്‍ കിടക്കുമ്പോഴും ഇങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടത് തെറ്റാണെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ സുഷമ ഗീതയോട് നേരിട്ടെത്താന്‍ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തു. താനിപ്പോള്‍ എയിംസിലാണെന്നും നേരിട്ടെത്തിയാല്‍ സഹായം നല്‍കാമെന്നും സുഷമാ സ്വരാജ് പറയുന്നു.

നേരത്തേയും സഹായമഭ്യര്‍ത്ഥിക്കുന്നവരോട് സുഷമ മറുപടി പറയുന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു.