ഹൈദരാബാദ്: കൊവിഡ് 19 സ്ഥിരീകരിച്ച തെന്നിന്ത്യന്‍ സിനിമ നടി തമന്ന ഭാട്ടിയ ആശുപത്രി വിട്ടു. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം. വീട്ടില്‍ ചികിത്സ തുടരുമെന്നും അവര്‍ അറിയിച്ചു.

ഹൈദരബാദില്‍ വെബ് സീരീസിന്റെ ചിത്രീകരണത്തില്‍ ഇരിക്കെയാണ് തമന്നയ്ക്ക് നേരിയ പനി അനുഭവപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

ഇതൊരു ബുദ്ധിമുട്ടേറിയ വാരമായിരുന്നു. എന്നാലും താരതമ്യേന സുഖമുണ്ട്. ഈ ആരോഗ്യദുരന്തത്തില്‍ നിന്ന് മോചിതയാകും എന്ന് ശുഭാപ്തി വിശ്വാസമുണ്ട്. നിലവില്‍ ക്വാറന്റൈനിലാണ്. നിങ്ങളുടെ സ്‌നേഹത്തിന് ഒരു വിര്‍ച്വല്‍ ആലിംഗനം. ആരോഗ്യത്തോടെ സുരക്ഷിതരായിക്കൂ- താരം കുറിച്ചു.

ഓഗസ്റ്റില്‍ അച്ഛനും അമ്മയും കൊവിഡ് പോസിറ്റീവായ വിവരം തമന്ന തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അച്ഛനും അമ്മയ്ക്കും വളരെ ചെറിയ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ അവര്‍ ടെസ്റ്റിന് വിധേയരാക്കിയിരുന്നുവെന്നും അന്ന് താന്‍ സുരക്ഷിതയാണെന്നും തമന്ന പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.