ചെന്നൈ: നോട്ടു നിരോധനത്തിന് ശേഷം തമിഴ്‌നാട്ടില്‍ ഒരാള്‍ തന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചത് 246 കോടി രൂപ. നാമക്കല്ലിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലാണ് ഇയാള്‍ ഇത്രയും തുക നിക്ഷേപിച്ചത്. എന്നാല്‍ നിക്ഷേപം നടത്തിയ വ്യക്തിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗ്രാമീണ മേഖലയില്‍ സ്ഥിതിചെയ്യുന്ന ഐ.ഒ.ബിയുടെ ഒരു ശാഖയില്‍ തുക നിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാളുടെ നീക്കങ്ങള്‍ പിന്തുടരുകയായിരുന്നു. എന്നാല്‍ പണം നിക്ഷേപിച്ച കാര്യം ഇയാള്‍ മറയ്ക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് പ്രധാനമന്ത്രി ഗ്രാമീണ്‍ കല്ല്യാണ്‍ യോജന (പി.എം.ജി.കെ.വൈ) പ്രകാരം നികുതി അടയ്ക്കാന്‍ തയ്യാറായി. ഇതോടെ ഇയാള്‍ക്കെതിരെ നിയമ നടപടികളൊന്നും ഉണ്ടാവില്ല. പദ്ധതി പ്രകാരം ഇയാളില്‍ നിന്ന് നിക്ഷേപിച്ച തുകയുടെ 45 ശതമാനം തുക (ഏകദേശം 110.7 കോടി രൂപ) നികുതിയായി അടക്കണം. കൂടാതെ 25 ശതമാനം തുക (ഏകദേശം 64 കോടി രൂപ) പലിശയില്ലാതെ സര്‍ക്കാരിലേക്ക് നല്‍കുകയും വേണം. കമ്പനികളും വ്യക്തികളും ഉള്‍പ്പെടെ ഇത്തരത്തില്‍ ഇരുന്നൂറിലധികം നിക്ഷേപങ്ങള്‍ തമിഴ്‌നാട്ടില്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്.