കാഞ്ഞങ്ങാട്: കാസര്‍കോട്-ചെറുവത്തൂര്‍ ഹൈവേയില്‍ എല്‍പിജി ടാങ്കര്‍ മറിഞ്ഞു. ചെറുവത്തൂര്‍ ടൗണിനു സമീപം മംഗലാപുരത്തു നിന്നും കൊച്ചി ഭാഗത്തേക്കു പോവുകയായിരുന്ന ടാങ്കറാണ് മറിഞ്ഞത്. തിങ്കളാഴ്ച വൈകിട്ടു നാലരയോടെ മട്ടലായി വളവിലാണ് സംഭവം. ദേശീയപാതയില്‍ നിന്നു വഴിതെറ്റി ചീമേനി റോഡിലേക്ക് കയറവേയായിരുന്നു അപകടം.
ലോറി ഡ്രൈവര്‍ തമിഴ്‌നാട് നാമക്കല്ല് സ്വദേശി വിജയകുമാര്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. നിസ്സാരമായി പരുക്കേറ്റ ഇയാളെ ചെറുവത്തൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

തഹസില്‍ദാറും ഡിവൈഎസ്പിയും അടക്കമുള്ള സംഘം നേരിട്ടെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയാണ്. വാതക ചോര്‍ച്ചയുണ്ടെന്ന സംശയത്തെ തുടര്‍ന്നു ദേശീയപാതയില്‍ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചു. അപകടത്തില്‍ ഗ്യാസ് ലീക്ക്
ഉണ്ടായിട്ടില്ലെന്നു സംഭവ സ്ഥലത്തെത്തിയ ഫയര്‍ അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ഫയര്‍ ഫോഴ്‌സ് നേതൃത്വം നല്‍കുന്നുണ്ട്. മംഗലാപുരത്തിനും പ്രത്യേക ക്രയിന്‍ എത്താല്‍ കാത്തിരിക്കുന്നതിനാല്‍ ഗതാതഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ കരിവള്ളൂര്‍ പാലക്കുന്നിലൂടെ കയ്യൂര്‍ റോഡ് വഴി യാണ് യാത്ര തിരിക്കുന്നത്.