അലഹാബാദ്: ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയില്‍ മൂന്നു യുവാക്കള്‍ ചേര്‍ന്ന് 18കാരിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കൂട്ടമാനഭംഗത്തിനിരയാക്കി. കുറ്റവാളികളിലൊരാള്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തു വിട്ടതോടെയാണ് പൊലീസിന് വിവരം ലഭിച്ചത്.
സംഭവത്തില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മാവന്‍ നല്‍കിയ പരാതി പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഹാമിര്‍പൂര്‍ പൊലീസ് പറഞ്ഞു. സമീപത്തുള്ള കൃഷിയിടത്തില്‍ വെച്ചാണ് പെണ്‍കുട്ടിയെ മൂന്നു യുവാക്കള്‍ ചേര്‍ന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതെന്നും സംഭവത്തിന്റെ വീഡിയോ ദൃശ്യം ഫോണില്‍ പകര്‍ത്തിയതെന്നും പരാതിയില്‍ പറയുന്നു. സംഗതി പുറത്തു പറഞ്ഞാല്‍ വീഡിയോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുള്ളതായി പൊലീസ് പറഞ്ഞു.
കുറ്റവാളികളിലൊരാള്‍ വീഡിയോ പുറത്തു വിട്ടത് പെണ്‍കുട്ടിയുടെ അമ്മാവന്റെ കൈകളിലെത്തിയതോടെ ഇയാള്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. കുറ്റാരോപിതരായ മൂന്നു പേരും പെണ്‍കുട്ടിയുടെ അയല്‍ക്കാരാണ്. ഒരാളെ അറസ്റ്റ് ചെയ്തതായും ബാക്കി രണ്ടുപേര്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.