കൊല്‍ക്കത്ത: ബാബരി മസ്ജിദ് പൊളിച്ച കേസിലെ വിചാരണക്കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച് ദ ടെലഗ്രാഫ് പത്രത്തിന്റെ തലക്കെട്ട്. നമ്മള്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടിയെങ്കില്‍ ഇതാണ് നമ്മള്‍ കഴുതകള്‍ എന്നു പറയുന്നത് എന്നാണ് ടെലഗ്രാഫ് തലക്കെട്ടിട്ടത്. കഴുതയുടെ ചിത്രവും ചേര്‍ത്തിട്ടുണ്ട്. പൊതുജനം കഴുതയാണ് എന്ന പഴഞ്ചൊല്ലിനെ അടിസ്ഥാനപ്പെടുത്തിയാണ് പത്രത്തിന്റെ പരിഹാസം.

1992 ഡിസംബര്‍ ആറിലെ സംഭവങ്ങള്‍ മുതല്‍ 2020 സെപ്തംബര്‍ 30 വരെയുള്ള സംഭവങ്ങള്‍ വരെ നമ്മുടെ കണ്മുമ്പില്‍ തെളിഞ്ഞു വരുന്നു. നിസ്സംശയം അത് ആരാണ് ചെയ്തത് എന്ന് നമുക്കറിയാം. എന്തിനാണ് അതു ചെയ്തതെന്നും എന്തു വില കൊടുക്കേണ്ടി വന്നു എന്നും നമുക്കറിയാം. എന്നിട്ടും നമ്മള്‍ അതിനെ നിയമവിധേയമാക്കുകയും അവര്‍ക്ക് ഓരോ തെരഞ്ഞെടുപ്പിലും പാരിതോഷികം നല്‍കുകയും ചെയ്തു. ഇപ്പോള്‍ നമ്മള്‍ നിരാശയില്‍ കഴുതക്കരച്ചില്‍ നടത്തുന്നു- എന്നും ടെലഗ്രാഫ് എഴുതി.

കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ട വാര്‍ത്തയും പത്രം വിശദമായി നല്‍കിയിട്ടുണ്ട്. ബാബരി തകര്‍ത്തതില്‍ ഗൂഢാലോചനയില്ല. എല്ലാവരും കുറ്റവിമുക്തര്‍ എന്നാണ് തലക്കെട്ട്. ബുധനാഴ്ചയാണ് ലഖ്‌നൗവിലെ സിബിഐ കോടതി എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങി 32 പ്രതികളെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസില്‍ വെറുതെ വിട്ടത്. വിധിക്കെതിരെ ഇന്ത്യയില്‍ ഉടനീളം വന്‍ പ്രതിഷേധമാണ് അലയടിക്കുന്നത്.