ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാദ്ധ്യതയെന്ന് കരസേനാ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍. ഗുജറാത്തില്‍ നിന്ന് ഉപേക്ഷിച്ച ബോട്ടുകള്‍ കണ്ടെത്തിയെന്നും ബോട്ടുകള്‍ നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. എന്തും നേരിടാന്‍ സൈന്യം സജ്ജമാണെന്നും ലഫ്.ജനറല്‍ എസ്.കെ സെയിനി അറിയിച്ചു.
നേരത്തെ, ആഗോളഭീകരനായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പാകിസ്ഥാന്‍ രഹസ്യമായി മോചിപ്പിച്ചതായും ഇന്ത്യയില്‍ വന്‍ഭീകരാക്രമണം നടത്താന്‍ പാകിസ്ഥാന്‍ പദ്ധതിയിടുന്നതായും ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജസ്ഥാന് സമീപം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യത്തെ വന്‍ തോതില്‍ വിന്യസിച്ചിരിക്കുകയാണെന്നും രഹസ്യാന്വേണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന കരസേനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റയാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഓണത്തിരക്കുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ സുരക്ഷക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബസ്സ് സ്റ്റാന്റുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂടുന്ന മറ്റ് സ്ഥലങ്ങളിലും അതീവ ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് ജനത്തിരക്ക് വര്‍ധിക്കുന്ന സ്ഥലങ്ങളിലും ആഘോഷവേദികള്‍ക്ക് സമീപവും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറിലോ സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ (0471 2722500) അറിയിക്കണമെന്ന് ബെഹ്‌റ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Be the first to write a comment.